
ബംഗളൂരു : ദീപാവലിക്ക് ഗോ പൂജനടത്തിയ കുടുംബത്തിന് പശു ഇങ്ങനെ ഒരു പണി കൊടുക്കുമെന്ന് അവർ ഒരിക്കലും കരുതിയില്ല. കർണാടകയിലെഹീപാൻഹള്ളിയിൽ ശ്രീകാന്ത് ഹെഗ്ഡേ എന്നയാളാണ് സ്വർണമാലയിട്ട് ഗോപൂജ നടത്തിയത്. ഗോ പൂജ 'കളറാക്കുന്നതിനായി' പൂമാലയ്ക്കൊപ്പം സ്വർണമാലകൂടി വച്ചതാണ് പ്രശ്നമായത്. എന്നാൽ പൂജയ്ക്ക് ശേഷം വിശന്ന പശു പൂമാലയ്ക്കൊപ്പം സ്വർണവും കൂടി അകത്താക്കുകയായിരുന്നു.
ദീപാവലി ദിവസമാണ് ശ്രീകാന്ത് ഹെഗ്ഡേ സ്വർണമൊക്കെ വച്ച് ഗോപൂജ നടത്തിയത്. പൂജയ്ക്കായി 20 ഗ്രാം സ്വർണത്തിൽ തീർത്ത മാലയാണ് ഇയാൾ ഉപയോഗിച്ചത്. പൂജകഴിഞ്ഞ് പൂമാലയ്ക്കൊപ്പം സ്വർണമാലയും ഊരി മാറ്റിയിരുന്നു. എന്നാൽ പിന്നീട് ഇത് കാണാതാവുകയായിരുന്നു. വീട്ടുകാരുടെ സംശയം പശുവിന് മേൽ ആയതോടെ പിറ്റേന്ന് മുതൽ ചാണകം ഇടുന്നത് നോക്കലായി ഇവരുടെ ജോലി. ഒരു മാസം ചാണകം പരിശോധിച്ചിട്ടും സ്വർണം ലഭിക്കാതായതോടെ ശാസ്ത്രീയ പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു. മൃഗാശുപത്രിയിൽ പശുവിനെ കൊണ്ട് പോയി സ്കാൻ ചെയ്തു. ഈ പരിശോധനയിൽ വയറ്റിൽ സ്വർണം കണ്ടെത്തി.
സ്വർണം കണ്ടെത്തിയതിനെ തുടർന്ന് ഓപ്പറേഷനിലൂടെ ഡോക്ടർ മാല തിരികെ എടുത്തു. എന്നാൽ 20 ഗ്രാമിന്റെ മാല പശു വിഴുങ്ങിയതിൽ ലഭിച്ചത് 18 ഗ്രാം മാത്രമാണ്. രണ്ട് ഗ്രാം എവിടെ എന്ന് ഇനിയും കണ്ടെത്താനായില്ല. ദീപാവലി പൂജ നടത്തിയത് ഏതായാലും വീട്ടുകാരും പശുവും ജീവനുള്ള കാലത്തോളം മറക്കാൻ ഇടയില്ല.