governor-pinarayi

ന്യൂഡൽഹി: ചാൻസലർ പദവി ഒഴിയുമെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് ഉറപ്പ് കിട്ടിയാൽ മാത്രമേ തീരുമാനം പുനഃപരിശോധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ.


സർക്കാരുമായി ഏറ്റുമുട്ടാൻ ആഗ്രഹിക്കുന്നില്ലെന്നും, ഇതിനുള്ള പരിഹാരം മുഖ്യമന്ത്രി പിണറായി വിജയനെ ചാൻസലറാക്കുക എന്നതാണെന്നും ഗവർണർ പറഞ്ഞു. ചാൻസലർ പദവി ഭരണഘടനാ പദവിയല്ല. സർക്കാരിന് ആരെ വേണമെങ്കിലും സർവകലാശാലകളിൽ വിസിമാരായി നിയമിക്കാം. എന്നാൽ തന്നെ ചാൻസലറായി മുൻനിർത്തി അത് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


ഗവർണർ എന്നത് പേരിന് മാത്രമാണുള്ളതെങ്കിൽ തന്റെ സമയം നഷ്ടപ്പെടുത്താൻ താത്പ്പര്യമില്ല. സംഭാഷണങ്ങൾ കൊണ്ടൊന്നും കാര്യമില്ല. രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നിയമിച്ച കലാമണ്ഡലം വിസി തനിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും ഗവർണർ അറിയിച്ചു.