
ബീജിംഗ് : ഇരുപത് വർഷം മുമ്പ് നാസ നിരസിച്ച ഡിസൈൻ അടിസ്ഥാനമാക്കി ഹൈപ്പർസോണിക് ഫ്‌ളൈറ്റ് എഞ്ചിൻ നിർമ്മിക്കാൻ ചൈനയുടെ നീക്കം. ഇതിനായുള്ള പ്രോട്ടോടൈപ്പ് ഹൈപ്പർസോണിക് ഫ്‌ളൈറ്റ് എഞ്ചിൻ ചൈനീസ് ശാസ്ത്രജ്ഞരുടെ ഒരു സംഘം നിർമ്മിക്കുകയും പരീക്ഷിക്കുകയും ചെയ്തു. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1990 കളുടെ അവസാനത്തിൽ നാസയുടെ ഹൈപ്പർസോണിക് പ്രോഗ്രാമിന്റെ ലീഡ് എഞ്ചിനീയറായി സേവനമനുഷ്ഠിച്ച ചൈനീസ് അമേരിക്കക്കാരനായ മിംഗ് ഹാൻ ടാങ് ആണ് ഈ ഡിസൈൻ വികസിപ്പിച്ചത്. എന്നാൽ ഉയർന്ന ചിലവും പരിഹരിക്കപ്പെടാത്ത സാങ്കേതിക പ്രശ്നങ്ങളും കാരണം നാസ അത് നിരസിക്കുകയായിരുന്നു. ടാംഗിന്റെ ഡിസൈൻ പരീക്ഷിക്കുന്നതിനായുള്ള തീരുമാനം പിന്നീട് യു എസ് സർക്കാർ റദ്ദാക്കുകയായിരുന്നു.
എന്നാൽ പ്രൊഫസർ ടാൻ ഹുയിജിന്റെ നേതൃത്വത്തിൽ നാൻജിംഗ് യൂണിവേഴ്സിറ്റി ഓഫ് എയറോനോട്ടിക്സ് ആൻഡ് ആസ്‌ട്രോനോട്ടിക്സ് ശാസ്ത്രജ്ഞരുടെ ഒരു സംഘം ടാംഗിന്റെ ഡിസൈൻ ഉപയോഗിച്ച് ഗവേഷണം ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ പരീക്ഷിച്ച പ്രോട്ടോടൈപ്പ് വിജയ പ്രതീക്ഷ നൽകുന്നുണ്ട്. ഏറ്റവും പ്രയാസമേറിയ ഫ്‌ളൈറ്റ് സാഹചര്യങ്ങളിൽ പോലും പറക്കാൻ ഇതിന് കഴിയുമെന്ന് കണ്ടെത്തി.
മാക് 4 മുതൽ മാക് 8 വരെ (4,900 മുതൽ 9,800 കി.മീ) വേഗതയിൽ പ്രവർത്തിക്കാൻ പ്രോട്ടോടൈപ്പിന് കഴിയും എന്നത് ശാസ്ത്രജ്ഞരെ ആവേശഭരിതരാക്കുന്നുണ്ട്. ഇരട്ട എഞ്ചിനുകളാണ് ഹെപ്പർസോണിക് ഫ്‌ളൈറ്റിനുള്ളത്. ഡ്യുവൽ എഞ്ചിൻ രൂപകൽപ്പന വളരെ സങ്കീർണ്ണമായതിനാലാണ് പദ്ധതി പൂർത്തിയാക്കാൻ നാസയ്ക്ക് കഴിയാതിരുന്നത്. ഈ വെല്ലുവിളിയാണ് ചൈന ഏറ്റെടുത്തത്. എന്നാൽ മിംഗ് ഹാൻ ടാങിന്റെ രൂപകൽപ്പനയിൽ ചൈനീസ് ശാസ്ത്രജ്ഞരും ചില വീഴ്ചകൾ കണ്ടെത്തിയിരുന്നു.
നിലവിൽ ചൈനയുടെ ഹൈപ്പർസോണിക് വാഹനങ്ങളും ആയുധങ്ങളും പറത്താൻ ആരംഭദശയിൽ റോക്കറ്റാണ് ഉപയോഗിക്കുന്നത്. എന്നാൽ പുതിയ ഹൈപ്പർസോണിക് ഫ്‌ളൈറ്റ് എഞ്ചിൻ സ്വന്തമാക്കുന്നതോടെ ഒരു മണിക്കൂറിനുള്ളിൽ പത്ത് യാത്രക്കാരെ ഭൂമിയിലെവിടെയും എത്തിക്കാൻ കഴിയുന്ന ഒരു ജെറ്റ് നിർമ്മിക്കാനാവുമെന്ന് ചൈനീസ് ബഹിരാകാശ ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു. 2035ഓടെ ഈ സ്വപ്നം യാഥാർത്ഥ്യമാക്കാനാവുമെന്നാണ് ഇവരുടെ പ്രതീക്ഷ.