
ചണ്ഡിഗഡ്: രാജ്യത്ത് ഒമിക്രോൺ വകഭേദം ബാധിക്കുന്നവരുടെ എണ്ണം പ്രതിദിനം വർദ്ധിക്കുന്നത് ആശങ്കയാകുന്നു. ഇതുവരെ രോഗം റിപ്പോർട്ട് ചെയ്യാത്ത ചണ്ഡിഗഡിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. വിദേശയാത്ര പശ്ചാത്തലമുളള 20 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ ഇറ്റലിയിൽ താമസിച്ചിരുന്നയാളാണ്. ചണ്ഡിഗഡിലെ ബന്ധുക്കളെ കാണാൻ എത്തിയപ്പോഴാണ് ഇയാൾക്ക് രോഗം ബാധിച്ചത്. ഇയാളുടെ പഠനറിപ്പോർട്ട് വന്നത് ശനിയാഴ്‌ച രാത്രിയാണ്. ഇതിൽ ഒമിക്രോൺ വകഭേദമാണെന്ന് സ്ഥിരീകരിച്ചതായി ചണ്ഡിഗഡ് ഹെൽത്ത് സർവീസ് ഡയറക്‌ടർ ഡോ.സുമൻ സിംഗ് അറിയിച്ചു.
ഇതിനുപുറമേ ആന്ധ്രാ പ്രദേശിൽ നിന്നുമുളള ഒരാൾക്കും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ആദ്യമായാണ് ആന്ധ്രയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിക്കുന്നത്. മൂന്നാമത് കേസ് സ്ഥിരീകരിച്ചത് കർണാടകയിൽ നിന്നാണ്. സൗത്ത് ആഫ്രിക്കയിൽ നിന്നും മടങ്ങിയെത്തിയ 34കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുമായി പ്രാഥമിക സമ്പർക്കമുളള അഞ്ചുപേരുടെയും സെക്കന്ററി സമ്പർക്കമുളള 15 പേരുടെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്‌ക്കയച്ചതായി കർണാടക ആരോഗ്യമന്ത്രി ഡോ.സുധാകർ.കെ അറിയിച്ചു. ഇയാൾ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചയാളാണ്.മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 36 ആയി.