
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജൻ തന്നെ തുടരും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജൻ വടകരയിൽ സ്ഥാനാർത്ഥിയായതോടെയാണ് അന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജയരാജൻ ജില്ലാ സെക്രട്ടറിയായത്. കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുൻപ് തന്നെ ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വം തീരുമാനമെടുത്തിരുന്നതായാണ് സൂചന.
എസ്‌എഫ്‌ഐയിലൂടെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമായ ജയരാജൻ എസ്‌എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി, എന്നിങ്ങനെ പ്രവർത്തിച്ചു. ഇപ്പോൾ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗവും കേന്ദ്ര പ്രവർത്തക സമിതിയംഗവുമാണ്. എടക്കാട് മണ്ഡലത്തെ രണ്ട് തവണ നിയമസഭയിൽ പ്രതിനിധീകരിച്ചു. ഇന്ന് വൈകുന്നേരം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.