cold-

ലണ്ടന്‍ : വാക്സിന്‍ രണ്ട് ഡോസ് എടുത്ത മുതിര്‍ന്നവരില്‍ മൂന്നിലൊന്ന് ആളുകളില്‍ കാണുന്ന ജലദോഷം പോലുള്ള രോഗങ്ങള്‍ യഥാര്‍ത്ഥത്തില്‍ കൊവിഡ് രോഗബാധയാവാമെന്ന് പുതിയ പഠനം
ലണ്ടനിലെ കിംഗ്സ് കോളേജിലെ പ്രൊഫസര്‍ ടിം സ്‌പെക്ടര്‍ പറയുന്നതനുസരിച്ച്, മൂക്കൊലിപ്പ് അല്ലെങ്കില്‍ തൊണ്ടവേദന പോലുള്ള രോഗലക്ഷണങ്ങളുള്ളവര്‍ കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ലഭിക്കുന്നത് വരെ ക്വാറന്റൈനില്‍ കഴിയുന്നതാണ് നല്ലത്. കൊവിഡെന്നാല്‍ മണവും രുചിയും നഷ്ടമാവുന്ന അവസ്ഥയാണെന്ന് കരുതി, അതുവരെ കാത്തിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

'ഇപ്പോള്‍, മൂന്നിലൊന്നിനും നാലില്‍ ഒന്നിനും ഇടയിലുള്ള ജലദോഷം കോവിഡ് മൂലമാണെന്ന് ഞങ്ങള്‍ കണക്കാക്കുന്നു,' സ്‌പെക്ടര്‍ ഉദ്ധരിച്ച് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് പുതിയ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ വ്യാപിച്ചാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ ഒമിക്രോണ്‍ വ്യാപനം തടയാന്‍ ആളുകള്‍ക്ക് ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ കുറച്ച് ദിവസം വീട്ടില്‍ തന്നെ കഴിയണമെന്നും സുരക്ഷിത ഭാഗത്തായിരിക്കണമെന്നും പ്രൊഫസര്‍ സ്‌പെക്ടര്‍ അഭിപ്രായപ്പെട്ടു.

ജലദോഷമോ പനിയോ ഉള്ളവര്‍ അതിനാല്‍ ഓഫീസില്‍ വരരുതെന്നും, ക്രിസ്മസ് പാര്‍ട്ടികള്‍ക്ക് പോകരുതെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. രോഗലക്ഷണമുണ്ടായാല്‍ ടെസ്റ്റ് നടത്തുന്നതാണ് പ്രധാനം. ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ഇപ്പോഴത്തെ വാക്സിനുകള്‍ക്ക് കഴിയുമെന്ന് ശാസ്ത്രലോകം ശുഭാപ്തി വിശ്വാസം പുലര്‍ത്തുമ്പോഴും എത്രത്തോളം പ്രതിരോധശേഷി നേടാനാവും എന്ന് അറിയാന്‍ പരീക്ഷണങ്ങള്‍ നടക്കുന്നതിനാല്‍ കുറച്ച് ആഴ്ചകള്‍ എടുത്തേക്കും.