
പെർത്ത്: തന്റെ സിനിമകളിൽ എതിരാളികളെ ഇടിച്ചുപറപ്പിക്കുന്ന തെലുങ്ക് സൂപ്പർ താരം അല്ലു അർജുനോട് ഓസീസ് ക്രിക്കറ്റ് താരം ഡേവിഡ് വാർണറിന് ആരാധന തോന്നുന്നതിൽ അത്ഭുതപ്പെടാനില്ല. ആഷസ് പരമ്പരയിൽ അല്ലുവിന്റെ അതേ വീര്യത്തോടെയാണ് വാർണർ ഇംഗ്ളണ്ടിനെ തകർത്തത്. ഇപ്പോഴിതാ സാക്ഷാൽ അല്ലുവായി തന്നെ എത്തിയിരിക്കുകയാണ് ഓസ്ട്രേലിയയുടെ സൂപ്പർ ഓപ്പണർ.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അല്ലു അർജുന്റെ പുതിയ ചിത്രമായ പുഷ്പയിലെ ഗാനത്തിൽ അല്ലുവിന്റെ തല മോർഫ് ചെയ്ത് പകരം സ്വന്തം മുഖം ചേർത്ത് വാർണർ പങ്കുവച്ച വീഡിയോ ഇന്ത്യയിൽ മാത്രമല്ല അങ്ങ് ഓസ്ടേലിയയിൽ വരെ തരംഗമാകുകയാണ്. ഒറ്റ നോട്ടത്തിൽ അല്ലുവാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് വാർണറുടെ കിടിലൻ എഡിറ്റിംഗ്. പുഷ്പയിലെ 'ഏയ് ബിഡ്ഡ..' എന്ന് തുടങ്ങുന്ന പാട്ടിലാണ് അല്ലുവിന് പകരം വാർണർ എത്തുന്നത്.
വീഡിയോ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് പുറമേ വാർണറുടെ സഹതാരങ്ങൾ കൂടി ഏറ്റെടുത്തതോടെ സംഭവം നിമിഷങ്ങൾക്കകം വൈറലാവുകയായിരുന്നു. ഇതിന് തലക്കെട്ട് നൽകൂവെന്ന അടിക്കുറിപ്പോടെ വാർണർ പങ്കുവച്ച വീഡിയോയിലെ വിരാട് കോഹ്‌ലിയുടെ കമന്റും ഏറെ ശ്രദ്ധനേടുകയാണ്. സുഹൃത്തേ, താങ്കൾ ഓ കെയാണോ എന്നാണ് കോഹ്‌ലി കമന്റ് ചെയ്തത്. ഓസീസ് മുൻ പേസറായ മിച്ചൺ ജോൺസണും അടിപൊളി കമന്റുമായെത്തി. ദയവായി നിർത്തൂ എന്നാണ് ജോൺസണിന്റെ ഉപദേശം.