
മംഗളൂരു : മംഗളൂരുവിനെ ഞെട്ടിച്ച കൂട്ട ആത്മഹത്യയ്ക്ക് പിന്നിൽ മതപരിവർത്തനമെന്ന് പൊലീസ്. മംഗളൂരു ബിജയിലെ അപ്പാർട്ട്‌മെന്റിൽ നാലംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പൊലീസ് അന്വേഷണം പുതിയ ദിശയിലെത്തിയത്. വാടക വീട്ടിൽ താമസിച്ചിരുന്ന നാഗേഷ് ഷെരിഗുപ്പി, ഭാര്യ വിജയലക്ഷ്മി ഇവരുടെ രണ്ട് മക്കൾ എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ വീട്ടുടമസ്ഥയായ നൂർജഹാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് നൽകുന്ന വിവരപ്രകാരം നാഗേഷിന്റെ ഇരുപത്തിയാറുകാരിയായ ഭാര്യയെ നൂർജഹാൻ മതപരിവർത്തനത്തിന് നിരന്തരം നിർബന്ധിക്കുമായിരുന്നു. വിവഹാ ദല്ലാൾ കൂടിയായ ഇവർ മതം മാറിയാൽ ഇതരമതസ്ഥനായ ഒരാളെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്നും യുവതിയെ പ്രലോഭിപ്പിച്ചു. വാടകവീട്ടിൽ നിന്നും നാഗേഷും ഭാര്യയും വഴക്ക് പതിവാക്കിയതോടെയാണ് നൂർജഹാൻ പ്രലോഭനവുമായെത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് കുറച്ച് നാൾ നാഗേഷിന്റെ ഭാര്യ നൂർജഹാന്റെ വീട്ടിൽ പോയി താമസിക്കുകയും ചെയ്തിരുന്നു. ഈ അവസരത്തിൽ നാഗേഷിൽ നിന്നും വിവാഹമോചനം നേടാൻ നൂർജഹാൻ അഭിഭാഷകനെയും ഏർപ്പാട് ചെയ്തു.
എന്നാൽ തന്നെ ഒഴിവാക്കുമെന്ന് ഭയന്ന് നാഗേഷ് ആഹാരത്തിൽ വിഷം കലർത്തി ഭാര്യയേയും കുട്ടികളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. എട്ടു നാലും വയസുള്ള കുട്ടികളായിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്. നൂർജഹാന്റെ വീട്ടിൽ നിന്നും പൊലീസ് നാഗേഷിന്റെ ഭാര്യയുടെ ചിത്രങ്ങൾ കണ്ടെടുത്തു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നാലംഗ കുടുംബത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.