
തിരുവനന്തപുരം: കഴിഞ്ഞ ആറ് വർഷമായി സപ്ലൈക്കോ വഴി വിൽക്കുന്ന 13 ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. 35 ഇനങ്ങൾക്ക് പൊതുവിപണിയെക്കാൾ കുറഞ്ഞ വിലയിലാണ് വിൽക്കുന്നതെന്നും വൻപയറും മുളകും പഞ്ചസാരയും അടക്കമുള്ള സാധനങ്ങളുടെ വില കുറച്ചുവെന്നും മന്ത്രി സൂചിപ്പിച്ചു. സപ്ലൈക്കോ ഇന്നലെ ചില സാധനങ്ങളുടെ വില വർദ്ധിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സർക്കാർ ഇടപ്പെട്ട് അവയുടെ വില കുറച്ചെന്നും മന്ത്രി വ്യക്തമാക്കി.
വൻപയറിനും കടുകിനും മല്ലിക്കും 4 രൂപ വീതവും ജീരകത്തിന് 14 രൂപയും വില കുറച്ചെന്ന് മന്ത്രി വിശദീകരിച്ചു. ഇതിന് പുറമേ മുളകിന് എട്ട് രൂപയും, പിരിയൻ മുളകിനും ചെറുപ്പയർ പരിപ്പിനും പത്ത് രൂപയും സർക്കാർ ഇടപ്പെട്ട് കുറച്ചെന്ന് മന്ത്രി പറഞ്ഞു.
സപ്ലൈക്കോ വഴിയുള്ള സബ്സിഡി സാധനങ്ങളുടെ വില്പന മാർക്കറ്റ് വിലയെക്കാൾ 50 ശതമാനം കുറവാണെന്നും ഏകദേശം 85 ശതമാനം ഉത്പന്നങ്ങളും സബ്സിഡി നിരക്കിലാണ് വിൽക്കുന്നതെന്നും മന്ത്രി അറിയിച്ചു. സബ്സിഡി ഇല്ലാത്ത നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈക്കോ കഴിഞ്ഞ ദിവസം വിലവർദ്ധിപ്പിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് സർക്കാർ ഇടപ്പെട്ട് വില കുറച്ചത്.