
ചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്തിന്റെ 71ാം പിറന്നാളിന് വ്യത്യസ്തമായ രീതിയിൽ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ ഹർഭജൻ സിംഗ്. താരത്തിന്റെ ചിത്രം നെഞ്ചിൽ ടാറ്റൂ പതിപ്പിച്ചാണ് മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരം രജനീകാന്തിനോടുള്ള തന്റെ ഇഷ്ടം വെളിപ്പെടുത്തിയത്. ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത ചിത്രത്തിന് താഴെയായി 'എന്റെ സൂപ്പർസ്റ്റാർ, നിങ്ങളെന്റെ ഹൃദയത്തിലാണ്' എന്ന് ഹർഭജൻ തമിഴിൽ കുറിച്ചിട്ടുമുണ്ട്.
'80കളിലെ ബില്ല നിങ്ങളുടേതാണ്, 90കളിലെ ബാദ്‌ഷായും നിങ്ങൾ തന്നെ, 2k അണ്ണാതായും നിങ്ങൾക്കുള്ളതാണ്. സിനിമാലോകത്തെ ഏക സൂപ്പർ സ്റ്റാർ നേതാവ് പേട്ട രജനീകാന്തിന് ജന്മദിനാശംസകൾ,' എന്നും ഹർഭജൻ തമിഴിൽ കുറിച്ചു.
ഹർഭജന്റെ ചിത്രത്തിന് താഴെയായി നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. ഹർഭജൻ രജനീകാന്തിന്റെ യഥാർത്ഥ ആരാധകനാണെന്ന് ഒരാൾ പറഞ്ഞപ്പോൾ രജനീകാന്തിന് ഇന്നത്തെ ദിവസം ലഭിച്ചതിൽ ഏറ്റവും മികച്ച ജന്മദിനാശംസ എന്നാണ് മറ്റൊരു വ്യക്തി മറുപടി നൽകിയത്. ക്രിക്കറ്റ് ലോകത്ത് നിന്ന് സച്ചിൻ ടെൻഡുൽക്കർ ഉൾപ്പെടെ നിരവധി പേർ രജനീകാന്തിന് ജന്മദിനാശംസ നേർന്ന് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു.