vasquez

തിലക് മൈതാൻ: ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ശേഷം ശക്തമായി തിരിച്ചുവന്ന കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എലിൽ ഈസ്റ്റ് ബംഗാളിനെതിരെ 1-1 സമനില പിടിച്ചു. ഇരുടീമുകളും ആദ്യ പകുതിയിൽ ഓരോ ഗോളുകൾ അടിച്ചിരുന്നു. കളിയിൽ ഉടനീളം സമ്പൂർണ ആധിപത്യം പുലർത്തിയിട്ടും ബ്‌ളാസ്റ്റേഴ്സിന് നിർണാകമായ വിജയഗോൾ നേടാൻ സാധിച്ചില്ല. ഒഡീഷയ്ക്കെതിരെ നിർത്തിയിടത്തു നിന്ന് തുടങ്ങിയ ബ്ളാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെതിരെ തുടക്കം മുതൽ ആക്രമണ ഫുട്ബാൾ അഴിച്ചു വിട്ടു. ഈസ്റ്റ് ബംഗാൾ പ്രതിരോധനിരതാരം തോമിസ്ലാവ് മെർസലയുടെ ഗോളിൽ പിന്നിലായ ബ്ലാസ്റ്റേഴ്സ് അൽവാരോ വാസ്‌കസിന്റെ അതിമനോഹര ഗോളിൽ സമനില പിടിക്കുകയായിരുന്നു. ഇതോടെ അഞ്ച് കളിയിൽ ഒരു ജയവും മൂന്ന് സമനിലയും ഒരു തോൽവിയും ഉൾപ്പെടെ ആറ് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാമതെത്തി.

പതിനഞ്ചാം മിനിറ്റിൽ ബ‌്ളാസ്റ്റേഴ്സിന്റെ മുന്നേറ്റനിരതാരം വാസ്‌കസ് ഈസ്റ്റ് ബംഗാളിന്റെ വല കുലുക്കിയതാണ്. റഫറി ആദ്യംഗോൾ അനുവദിക്കുകയും ചെയ്തു. എന്നാൽ പിന്നീട് തന്റെ തീരുമാനം മാറ്റിയ റഫറി പുയ്ട്ടിയയുടെ ക്രോസ് ഈസ്റ്റ് ബംഗാൾ താരം അമർജിത് കിയാമിന്റെ കൈയിൽ തട്ടിയതിന് ഫ്രീകിക്ക് അനുവദിച്ചു.

37ാം മിനിട്ടിൽ കളിയുടെ ഒഴുക്കിനെതിരായി ഈസ്റ്റ് ബംഗാൾ ലീഡ് നേടി. ഗെയ്‌ക്ക്‌വാദിന്റെ ത്രോ ബോക്സിൽവച്ച് തോമിസ്ലാവ് മെർസല ഹെഡ്ഡറിലൂടെ ഈസ്റ്റ് ബംഗാളിന്റെ ഗോൾ നേടി. ഗോൾ വഴങ്ങിയിട്ടും ബ്ലാസ്റ്റേഴ്സ് തളർന്നില്ല. ഈസ്റ്റ് ബംഗാൾ ഗോൾമുഖത്ത് നിരന്തരം ആക്രമണം നടത്തി. 44ാം മിനിട്ടിൽ മനോഹര ഗോളുമായി വാസ്‌കസ് ബ്ലാസ്റ്റേഴ്സിനെ മത്സരത്തിൽ തിരികെയെത്തിച്ചു. പെനാൽട്ടി ബോക്സിന് പുറത്തുനിന്നുള്ള വാസ്‌കസിന്റെ ഷോട്ട് തോമിസ്ലാവിന്റെ തലയിൽ തട്ടി വലയിൽ പതിക്കുകയായിരുന്നു. 19ന് മുംബൈ സിറ്റി എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.