
ഭോപ്പാൽ: പൊലീസ് സ്റ്റേഷന്റെ ചുമരാകെ മുറുക്കിത്തുപ്പി വൃത്തികേടാക്കിയ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. മദ്ധ്യപ്രദേശിലെ ഷഹ്ദോൾ ജില്ലയിൽ ഗൊഹ്പാരു സ്റ്റേഷനിലാണ് സംഭവം.
ഒരു സബ് ഇൻസ്പെക്ടർ, രണ്ട് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ, ഒരു ഹെഡ് കോൺസ്റ്റബ്ൾ എന്നിവർക്കെതിരെയാണ് നടപടി.
വ്യാഴാഴ്ച എസ്.പി അവ്ദേഷ് ഗോസ്വാമി മിന്നൽ സന്ദർശനം നടത്തിയിരുന്നു. സ്റ്റേഷന്റെ ചുമരുകൾ മുഴുവനും മുറുക്കിതുപ്പി വൃത്തികേടാക്കിയ നിലയിലായിരുന്നു. വൃത്തിഹീനമായ ചുമരുകളെക്കുറിച്ച് ആരാഞ്ഞപ്പോൾ സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ നാലു പൊലീസുകാരുടെ പേരുകൾ വെളിപ്പെടുത്തുകയായിരുന്നു. നിരവധി തവണ ചുമരിൽ തുപ്പരുതെന്ന് നിർദ്ദേശം നൽകിയിട്ടും വീണ്ടും ആവർത്തിക്കുകയായിരുന്നുവെന്നും എസ്.പിയെ അറിയിച്ചു.
തുടർന്നാണ് നാലു പൊലീസുകാർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചത്. സബ് ഇൻസ്പെക്ടർ നന്ദകുമാർ കച്വാഹ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ദിനേഷ് ദ്വിവേദി, ദേവേന്ദ്ര സിംഗ്, ഹെഡ് കോൺസ്റ്റബ്ൾ പ്യാരേലാൽ സിംഗ് എന്നിവർക്കെതിരെയാണ് നടപടി.