
അപൂർവ്വയിനം പച്ചമരുന്നുകൾ അരച്ചുചേർത്ത മണ്ണുകൊണ്ട് നിർമ്മിച്ച മൺവീട് മൃൺമയത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പത്തനംതിട്ട അടൂർ കടമ്പനാട് തുവയൂർ തെക്കിൽ നിർമാണം പൂർത്തിയാക്കിയ ഒറ്റമുറി വീടിന് അങ്ങാടിക്കടയുടെ ഗന്ധമാണ്. വർഷങ്ങളുടെ ഗവേഷണത്തിനൊടുവില്‍ ശില്പി ശിലാ സന്തോഷാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്.
ഫാനും എസിയുമൊന്നുമില്ലാതെ തണുപ്പ് നൽകുന്ന നാല് ചുവരുകൾ. മണ്ണിൽ ഔഷധസസ്യങ്ങൾ ചേർത്ത് കുഴച്ച് വരാൽ പശയും ചേർത്താണ് ഇഷ്ടികകൾ ഉണ്ടാക്കിയത്. ചുണ്ണാമ്പ് വള്ളിയും കുളമാവിന്റെ തോലും ചേർത്താണ് ഭിത്തി തേച്ചത്. 100 കിലോ രാമച്ചവും ഉപയോഗിച്ചു. ചന്ദനവും ഊദും കരിങ്ങാലിയും രക്തചന്ദനവും മഞ്ഞളും കരിമഞ്ഞളും എല്ലാം ചേർത്താണ് നിർമ്മാണം പൂര്‍ത്തിയാക്കിയത്. ചൂടിനെ പ്രതിരോധിക്കാനുള്ള കരുത്തുണ്ട്. ഔഷധക്കൂട്ടുകൾ ഉപയോഗിച്ചു പഴമക്കാർ വീടുകൾ നിർമിച്ചിരുന്നെന്ന അറിവാണ് ശിലാ സന്തോഷ് എന്ന ശില്പിയുടെ ഉള്ളിൽ മരുന്നു കൊണ്ടൊരു മൺവീട് എന്ന് ആശയം രൂപപ്പെടുത്തിയത്. നാൽപതിലധികം വൈദ്യന്മാരുടെ സഹായത്തോടെയാണിത് പൂർത്തിയാക്കിയത്.
വീടു നിർമാണത്തിനായി 2015ൽ തുടങ്ങിയ ഗവേഷണം 2020ൽ ആണ് സന്തോഷ് പൂർത്തിയാക്കിയത്. സ്വന്തം പറമ്പിൽ വീട് നിർമിക്കാനിരിക്കെയാണ് അൾട്രാ റൺ (100 മൈൽ ഓട്ടം) ഓട്ടത്തിൽ പ്രസിദ്ധനായ ജേക്കബ് തങ്കച്ചനെ പരിചയപ്പെടുന്നത്. ഭാര്യാപിതാവ് കടമ്പനാട് ഗിരിനികേതനിൽ ടി.കെ.ജോർജിന്റെ വസ്തുവിൽ ഔഷധ വീട് നിർമിക്കാമെന്ന് ജേക്കബ് തങ്കച്ചൻ സമ്മതിച്ചതോടെ വീടിനു കല്ലുപാകി. പച്ചക്കർപ്പൂരവും കുന്തിരക്കവുമാണ് വീടിനു മണം നൽകുന്നത്. നാടൻ പശുവിന്റെ ചാണകം, മൂത്രം എന്നിവയും വൈക്കോൽ, മുള എന്നിവയും വീട് നിർമാണത്തിൽ ഉപയോഗിച്ചു. മേൽക്കൂരയിൽ ഓട് പാകി, അതിനടിയിൽ കാഞ്ഞിരത്തിന്റെ പലകയിട്ടാണ് സീലിംഗ് നിർമിച്ചത്.
കാറ്റാണ് വീടിന്റെ പ്രധാന ആകർഷണം. വൈദ്യുതീകരിച്ചിട്ടില്ല. ഏതു വലിയ ചൂടിലും . ഇതിനുള്ളിൽ കാഞ്ഞിരത്തിന്റെ തന്നെ കട്ടിലാണ് ഉപയോഗിക്കുക. എല്ലാം ചേർന്ന ഈ വീടിന് മൺവീട് എന്നർഥമുള്ള മൃണ്മയം എന്നാണ് പേര്. വീടിനു ചുറ്റും ഔഷധ തോട്ടം നിർമിക്കാനാണ് ജേക്കബിന്റെ പദ്ധതി. എല്ലാ തിരക്കുകളും വിട്ട് സ്വസ്ഥമായി കഴിയണമെന്ന് ആഗ്രഹിക്കുന്നവർക്ക് മൃണ്മയത്തിൽ വന്നു കഴിയാമെന്നാണ് ജേക്കബ് പറയുന്നത്. .