
മുംബയ്: സമൂഹമാദ്ധ്യമമായ ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട 19കാരനായ യുവാവിനെ കാണാൻ സ്വീഡനിൽ നിന്നും പതിനാറ്കാരി ഇന്ത്യയിലെത്തി. ഇൻസ്റ്റാഗ്രാം വഴി കുറച്ചു നാളുകളായി ഇരുവരും സൗഹൃദത്തിലായിരുന്നു. അങ്ങനെയാണ് സുഹൃത്തിനെ കാണുന്നതിന് വേണ്ടി വീട്ടുകാരറിയാതെ യുവതി മുംബയിലെത്തിയത്. പെൺകുട്ടിയുടെ കുടുംബത്തിന് ഇന്ത്യയിൽ വേരുകളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
നവംബർ 27നാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് സ്വീഡനിൽ പരാതി രജിസ്റ്റർ ചെയ്യുന്നത്. പെൺകുട്ടി ഇന്ത്യയിലെത്തിയെന്ന് കാണിച്ച് മുംബയ് പൊലീസിന് ഇന്റർപോളിന്റെ യെല്ലോ നോട്ടീസ് ലഭിച്ചിരുന്നു. ഇതിനെതുടർന്ന് അന്വേഷണം ഊർജിതമാക്കിയ പൊലീസ് പെൺകുട്ടിയുടെ വിവരങ്ങൾ വച്ച് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും സന്ദേശം അയച്ചു. പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ പെൺകുട്ടിയുടെ ഇന്ത്യയിലുള്ള സുഹൃത്തിനെ കണ്ടെത്തുകയും അയാൾ വഴി പെൺകുട്ടിയിലെത്തുകയുമായിരുന്നു. കിഴക്കൻ മുംബയിലുള്ള ഒരു ക്യാംപിലായിരുന്നു പെൺകുട്ടി കഴിഞ്ഞിരുന്നത്. പെൺകുട്ടിയുടെ സുഹൃത്തായ 19കാരൻ ഒരു കോളേജ് വിദ്യാർത്ഥിയാണെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിയെ കണ്ടെത്തിയ വിവരം സ്വീഡനിലെ കുടുംബത്തെ അറിയിക്കുകയും അതനുസരിച്ച് കുട്ടിയെ കൊണ്ടുപോകുന്നതിനായ് കഴിഞ്ഞ വെള്ളിയാഴ്ച പിതാവ് അടക്കമുള്ള കുടുംബാംഗങ്ങൾ ഇന്ത്യയിലെത്തുകയും ചെയ്തു.നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് പെൺകുട്ടിയെ ബന്ധുക്കൾക്ക് കൈമാറി. ബന്ധുക്കൾ വരുന്നത് വരെ പെൺകുട്ടിയെ മുംബൈയിലെ ദോംഗ്രിയിലുള്ള ചിൽഡ്രൻസ് ഹോമിൽ താമസിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഡി സി പി നീലോത്പാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.