
ഇരുപത്തിയൊന്നുകാരിയായ ഹർനാസ് സന്ധുവിനെയാണ് മിസ് യൂണിവേഴ്‌സ് 2021 ആയി തിരഞ്ഞെടുത്തത്. ഇസ്രയേലിലെ മത്സരവേദിയിൽ ഹർനാസിനെപ്പോലെതന്നെ ശ്രദ്ധപിടിച്ചുപറ്റിയ മറ്റൊരാൾ കൂടിയുണ്ട്. ആരാണെന്നല്ലേ?
ബഹ്‌റൈൻ സുന്ദരിയായ മനാർ നദീം ദേയാനിയാണ് വേദിയിൽ ചരിത്രം സൃഷ്ടിച്ചത്. എൺപതോളം രാജ്യങ്ങളിൽ നിന്നുവരാണ് ഈ വർഷത്തെ മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുത്തത്. വെള്ളിയാഴ്ചയായിരുന്നു സ്വിംസ്യൂട്ട് പ്രിലിമിനറി മത്സരം നടന്നത്.
ബിക്ക്‌നിയും മറ്റും ധരിച്ച് സുന്ദരിമാർ മത്സരത്തിനെത്തിയപ്പോൾ, ഇരുപത്തിയഞ്ചുകാരിയായ നദീം ശരീരം മുഴുവൻ കവർ ചെയ്തുകൊണ്ടുള്ള കറുത്ത വസ്ത്രമണിഞ്ഞുകൊണ്ട് ചരിത്രം സൃഷ്ടിച്ചു. കറുത്ത ജമ്പ്‌സ്യൂട്ട് ധരിച്ച്, സാംസ്‌കാരികവും മതപരവുമായ വിശ്വാസങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ടെത്തിയ നദീമിനെ നിറകൈയടികളോടെയാണ് സദസ് വരവേറ്റത്.
ഇതൊരു ചരിത്ര നിമിഷമാണെന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് നദീമിനെ പ്രശംസിച്ചത്. ഫാഷൻ ഡിസൈൻ വിദ്യാർത്ഥിയായ നദീം ജനിച്ചതും വളർന്നതും ബഹ്‌റൈനിലെ റിഫയിലാണ്. പതിനെട്ട് വയസുള്ളപ്പോൾ ദുബായിലേക്ക് താമസം മാറി.