
ഇന്ത്യൻ ജനതയുടെ അഭിമാനം വാനോളമുയർത്തി ചണ്ഡിഗഢ് സ്വദേശിനിയായ ഹർനാസ് സന്ധു വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 21 വർഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയ‌്ക്ക് സ്വന്തമാകുന്നത്. രണ്ടായിരത്തിൽ ലാറദത്തയ‌്‌ക്കായിരുന്നു ഏറ്റവുമൊടുവിൽ വിശ്വകിരീടം ചൂടാനുള്ള അവസരമുണ്ടായത്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 80 സുന്ദരിമാർ മാറ്റുരച്ച മത്സരമാണ് ഇത്തവണ നടന്നത്. ഒടുവിൽ 79 പേരെയും പിന്തള്ളി വിശ്വസുന്ദരിയായി ഹർനാസ് സന്ധു തിരഞ്ഞെടുക്കപ്പെട്ടു.
വിശ്വസുന്ദരി എന്ന പ്രയോഗത്തിനപ്പുറം സ്വപ്‌നതുല്യമായ ജീവിതസൗഭാഗ്യങ്ങളാണ് വിജയിയെ കാത്തിരിക്കുന്നത്. തലയിൽ ചൂടുന്ന വജ്രകിരീടത്തിൽ നിന്നുതുടങ്ങുന്നു ആ സൗഭാഗ്യ യാത്ര. 23 കോടി എൺപത് ലക്ഷം വിലമതിക്കുന്ന വജ്ര കിരീടമാണ് വിശ്വസുന്ദരിയെ അണിയിക്കുന്നത്. പിന്നീടുള്ള ഒരു വർഷക്കാലം 1770 വജ്രങ്ങൾ കൊണ്ട് 18 കാരറ്റ് സ്വർണത്തിൽ നിർമ്മിതമായ കിരീടം അവളുടെ കേശഭാരത്തെ അലങ്കരിക്കും.

ആറക്കമുള്ള തുകയാണ് വിശ്വസുന്ദരിക്ക് എല്ലാ മാസവും ശമ്പളമായി ലഭിക്കുക. എന്നാൽ കൃത്യമായ തുക എത്രയാണെന്ന് മിസ് യൂണിവേഴ്‌സ് സംഘാടകർ പുറത്തുവിട്ടിട്ടില്ല.

ന്യൂയോർക്കിലെ അത്യാഢംബര ഹോട്ടലിൽ എല്ലാ സൗകര്യങ്ങളോടും കൂടി ഒരുവർഷക്കാലം മിസ് യൂണിവേഴ്‌സിന് താമസിക്കാം. കൂട്ടിന് മിസ് യുഎസ്എയും ഒപ്പമുണ്ടാകും.
ലോകമറിയുന്ന മേക്കപ്പ് ആർട്ടിസ്‌റ്റുകളും, സൗന്ദര്യ വർദ്ധക വസ്‌തുക്കളുടെ നിർമ്മാതാക്കളും അവൾക്കായി കാത്തിരിക്കും. ഏറ്റവും വിലപിടിപ്പുള്ള ഉൽപ്പന്നങ്ങൾ കൊണ്ട് വിശ്വസുന്ദരിയെ കൂടുതൽ മനോഹരിയാക്കാൻ അവർ മത്സരിക്കും.
ലോകത്തിലെ ഏറ്റവും പ്രഗൽഭരായ സെലിബ്രിറ്റി ഫോട്ടോഗ്രാഫർമാരുടെ ക്യാമറകൾ അവളുടെ അളവഴകുകൾ ഒപ്പാൻ എപ്പോഴും പിന്നാലെയുണ്ടാകും.
ലോകത്തെ വിവിധയിടങ്ങൾ സന്ദർശിക്കാൻ അവസരമൊരുങ്ങും. യാത്രച്ചെലവ് ഉൾപ്പടെ പൂർണമായും സൗജന്യമായിരിക്കുമത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വളരെ വലിയ ഉത്തരവാദിത്തങ്ങളും മിസ് യൂണിവേഴ്‌സിനെ കാത്തിരിക്കുന്നുണ്ട്. മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷന്റെ ചീഫ് ബ്രാൻഡ് അംബാസിഡർ സ്ഥാനമാണ് വിശ്വസുന്ദരിയിലേക്ക് നിക്ഷിപ്‌തമാകുന്നത്. അതുകൊണ്ട് തന്നെ ലോകത്തെ വിവിധയിടങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഇവന്റുകൾ, ചാരിറ്റി പ്രവർത്തനങ്ങൾ, മീഡിയ കോൺഫറൻസുകൾ, സൗന്ദര്യമത്സരങ്ങൾ തുടങ്ങിയവയിലെല്ലാം മിസ് യൂണിവേഴ്‌സിന് പങ്കെടുക്കേണ്ടി വരും.