
ജനീവ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ, ഡെൽറ്റ വകഭേദത്തെക്കാൾ വ്യാപനശേഷി കൂടിയതാണെന്നും കൊവിഡ‌് വാക്സിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എന്നാലിത് ഗുരുതരമായ ലക്ഷണങ്ങളിലേയ്ക്ക് നയിക്കില്ലെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വകഭേദമാണ് ലോകത്തിലെ കൂടുതൽ കൊവിഡ് അണുബാധകൾക്കും കാരണമായത്.
ഒമിക്രോൺ ആദ്യമായി സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയിലായിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഡിസംബർ ഒൻപത് വരെയുള്ള കണക്കുകൾ പ്രകാരം അറുപത്തിമൂന്ന് രാജ്യങ്ങളിലാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. എന്നാൽ വിവരങ്ങളുടെ അഭാവം മൂലം ഒമിക്രോണിന്റെ വ്യാപനത്തിന് കാരണം കൃത്യമായി പറയാനാകില്ലെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. ഒമിക്രോൺ കൊവിഡ് വാക്സിനിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്ന് മുൻ തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തമായതായും ലോകാരോഗ്യ സംഘടന പറഞ്ഞു.
"നിലവിലെ വിവരങ്ങൾ പ്രകാരം വ്യാപനത്തിൽ ഒമിക്രോൺ ഡെൽറ്റയെ മറികടക്കാൻ സാദ്ധ്യതയുണ്ട്. ഇതുവരെ ഒമിക്രോൺ ബാധിതരിൽ മിതമായ രോഗലക്ഷണങ്ങളോ രോഗലക്ഷണങ്ങൾ ഇല്ലാതെയോ ആണ് കണ്ടെത്തിയത്. എന്നാൽ ഇക്കാര്യം ഉറപ്പിക്കാൻ നിലവിൽ ആവശ്യമായ വിവരങ്ങളില്ല"- ലോകാരോഗ്യ സംഘടന വ്യക്തമാക്കി. തങ്ങളുടെ മൂന്ന് ഡോസ് വാക്സിന് ഒമിക്രോണിനെതിരെ പ്രതിരോധശേഷി നൽകാനാകുമെന്ന് വാക്സിൻ നിർമാതാക്കളായ ഫൈസറും ബയോൺടെക്കും അവകാശപ്പെട്ടതായും ലോകാരോഗ്യ സംഘടന അറിയിച്ചു.
ആവശ്യത്തിന് വാക്സിൻ വിതരണമുള്ള രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസും തങ്ങളുടെ ജനങ്ങളോട് ഒമിക്രോൺ പ്രതിരോധത്തിനായി മൂന്നാം ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ്.