
ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും സംഘത്തിന്റെയും മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടത്തിന്റെ അവസാന ദൃശ്യങ്ങളിലേക്ക് അന്വേഷണം തിരിയുന്നു. മലയാളിയായ കോയമ്പത്തൂർ സ്വദേശി ജോയാണ് വീഡിയോ പകർത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ദൃശ്യങ്ങൾ പകർത്തിയ അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പൊലീസ് ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.
ബിപിൻ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്‌ടർ മൂടൽമഞ്ഞിലേക്ക് മറയുന്നതും വലിയ ഒച്ച കേൾക്കുന്നതും 19 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ഊട്ടിയിൽ അവധി ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു ജോ. കുനൂരിലെ റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടയിലായിരുന്നു ഹെലികോപ്‌ടറിന്റെ ഒച്ച കേൾക്കുന്നതും കൗതുകത്തിന് ഫോണിൽ വീഡിയോ പകർത്തിയതും.
എന്നാൽ, നിരോധിത മേഖലയായ വനപ്രദേശത്തേക്ക് ഇവർ എന്തിന് പോയി എന്ന സംശയമാണ് ഇപ്പോഴുയരുന്നത്. അതിലേക്കാണ് പൊലീസിന്റെ പുതിയ അന്വേഷണം നീങ്ങുന്നത്.