modi

ന്യൂഡൽഹി: ചൈനയും റഷ്യയും ജപ്പാനും ഉൾപ്പടെ പത്തോളം രാജ്യങ്ങളിൽ സന്ദർശനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. നയതന്ത്ര-വാണിജ്യ ബന്ധങ്ങൾ പുതുക്കാനും വിവിധ ഉച്ചകോടികൾക്കുമായാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.

2022ൽ പ്രധാനമന്ത്രി സന്ദർശിക്കുന്ന രാജ്യങ്ങൾ യുഎഇ, ജർമ്മനി, ഡെൻമാർക്ക്, ഇന്തോനേഷ്യ,റഷ്യ,ജപ്പാൻ, ശ്രീലങ്ക,റുവാണ്ട എന്നിവയും ആസിയാൻ ഉച്ചകോടിയ്ക്കായി കമ്പോഡിയ,ഷാങ്‌ഹായ് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയ്‌ക്കായി ഉസ്‌ബകിസ്ഥാൻ, ബ്രിക്‌സ് ഉച്ചകോടിയ്‌ക്കായി ചൈന എന്നിവയാണ്.

കൊവിഡ് പ്രതിസന്ധി മൂർച്ഛിച്ചതിനെ തുടർന്ന് 2019 നവംബറിന് ശേഷം പ്രധാനമന്ത്രി വിദേശ സന്ദർശനം ഒരുവർഷത്തോളം നടത്തിയിരുന്നില്ല. ഈ വർഷം മാർച്ചിൽ ബംഗ്ളാദേശ് സന്ദർശനം നടത്തിയതാണ് പ്രധാനമന്ത്രിയുടെ ഈയടുത്തകാലത്തുള‌ള ആദ്യ വിദേശ സന്ദർശനം. അതിന് ശേഷം ക്വാഡ് ഉച്ചകോടിയ്‌ക്ക് അമേരിക്കയിൽ വാഷിംഗ്ടണിലും യുഎൻ പൊതു അസംബ്ളിയിൽ പങ്കെടുക്കാൻ ന്യൂയോ‌ർക്കിലും ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറ്റലിയിലും പ്രധാനമന്ത്രി സന്ദർശനം നടത്തി. പിന്നീട് യുകെയിൽ ഗ്ളാസ്‌ഗോയിൽ കാലാവസ്ഥാ ഉച്ചകോടിയിലും പങ്കെടുത്തു.

2022ൽ പ്രധാനമന്ത്രി ആദ്യം സന്ദർശിക്കുക യുഎഇയിലാണ്. ജനുവരി മാസത്തിലാണ് പ്രധാനമന്ത്രി മോദിയുടെ യുഎഇ സന്ദർശനം. ഇവിടെ ദുബായ് എക്‌സ്പോയിൽ ഇന്ത്യൻ പവലിയൻ സന്ദർശിക്കും. 2014ൽ അധികാരമേറിയ ശേഷം മോദിയുടെ നാലാമത് സന്ദർശനമാണ്.

എല്ലാ രണ്ട് വർഷവും കൂടും തോറും ജർമ്മനിയുമായി നടക്കുന്ന ഇന്തോ-ജർമ്മൻ ഇന്റർ ഗവൺമെന്റൽ കൺസൾട്ടേഷനായി ഈ വർഷം പ്രധാനമന്ത്രി ജർമ്മനി സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻപ് ജർമ്മൻ ചാൻസിലർ ആഞ്ജല മെർക്കെൽ 2019ൽ ഇതിനായി ഇന്ത്യ സന്ദർശിച്ചിരുന്നു. പുതിയ ചാൻസിലറായ ഓലാഫ് ഷോൾസിന്റെ ആതിഥ്യത്തിൽ മോദി ഈ വർഷം ജർമ്മനി സന്ദർശിച്ചേക്കും.

ഇന്തോ-നോർഡിക് ഉച്ചകോടിയ്‌ക്കായി പ്രധാനമന്ത്രി മോദി ഈ വർഷം നോർവെ സന്ദർശിച്ചേക്കും. ഈ വർഷം ഒക്‌ടോബറിൽ നോർവെ പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്‌സെൻ ഇന്ത്യ സന്ദർശിച്ചു. തുടർന്ന് പ്രധാനമന്ത്രിയെ നോർവെയിലേക്ക് ക്ഷണിച്ചിരുന്നു. കോപൻഹേഗനിലാകും അടുത്തവർഷം ഇന്തോ-നോർഡിക് ഉച്ചകോടി നടക്കുക.

ജി20 ഉച്ചകോടിയ്‌ക്കായി ഇന്തോനേഷ്യയിലെ ബാലിയിൽ പ്രധാനമന്ത്രി സന്ദർശനം നടത്തും. വരുന്ന വർഷത്തെ അദ്ധ്യക്ഷസ്ഥാനവും ഇന്ത്യയ്‌ക്കാണ്.

ഈ മാസം ആദ്യമാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഇന്ത്യ സന്ദർശിച്ചത്. ഇന്ത്യ-റഷ്യ ഉച്ചകോടിയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തവർഷം റഷ്യ സന്ദർശിക്കും.

ഇന്ത്യ, അമേരിക്ക,ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങളുടെ സഖ്യമായ ക്വാഡിന്റെ അടുത്ത ഉച്ചകോടി ജപ്പാനിലാണ്. ഇതിനായി പ്രധാനമന്ത്രി ജപ്പാൻ സന്ദർശിച്ചേക്കും. ഫെബ്രുവരി മാസത്തിലാകും ക്വാഡ് സമ്മേളനം.

ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്കയിൽ ബംഗാൾ ഉൾക്കടലുമായി ബന്ധപ്പെട്ട രാജ്യങ്ങളുടെ ഗതാഗത, സാമ്പത്തിക, സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി പ്രധാനമന്ത്രി സന്ദർശനം നടത്തും.

കോമൺവെൽത്ത് രാജ്യങ്ങളുടെ ഉച്ചകോടി നടക്കുന്ന ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലും പ്രധാനമന്ത്രി സന്ദർശനം നടത്തും. കൊവിഡ് കാരണം 2020ലും 2021ലും മാ‌റ്റിവച്ച ഉച്ചകോടിയാണ് ഇത്. പുതിയ തീയതി നിശ്ചയിച്ചില്ലെങ്കിലും അടുത്ത വർഷം ഉച്ചകോടി അരങ്ങേറിയാൽ പ്രധാനമന്ത്രി സന്ദർശിച്ചേക്കും.

ഇവയ്‌ക്ക് പുറമേ അസിയാൻ, എസ്‌സി‌ഒ, ബ്രിക്‌സ് ഉച്ചകോടികൾക്കായി ഉസ്‌ബെക്കിസ്ഥാൻ, കംബോഡിയ, ചൈന എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും. ഇവയിൽ മിക്കതും ഈ വർഷം വെർച്വലായാണ് യോഗം ചേർന്നത്. വരും വർഷങ്ങളിൽ നേരിട്ടുള‌ള യോഗം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യം കൂടി വിലയിരുത്തിയാകും പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനം.