
ഭോപ്പാൽ: കുനൂരിലെ ഹെലികോപ്ടർ അപകടത്തിൽ ജീവൻ നഷ്ടമായ മദ്ധ്യപ്രദേശുകാരനായ നായിക് ജിതേന്ദ്ര കുമാറിന്റെ ശവമഞ്ചം തോളിലേറ്റിയത് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ. മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരുകോടി രൂപയും ഭാര്യയ്ക്ക് സർക്കാർ ജോലിയും നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ജിതേന്ദ്ര കുമാറിനോടുള്ള ആദരവായി ഗ്രാമത്തിലെ സ്കൂളിന് അദ്ദേഹത്തിന്റെ പേരുനൽകുന്നതിനൊപ്പം സ്മാരകവും നിർമിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
കഴിഞ്ഞദിവസം ജിതേന്ദ്ര കുമാറിന്റെ മൃതദേഹം മുഖ്യമന്ത്രി നേരിട്ടെത്തി തോളിലേറ്റി നാട്ടിലെത്തിക്കുകയായിരുന്നു. സംസ്കാരച്ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തു.ധമണ്ടി വില്ലേജിലായിരുന്നു സംസ്കാരം . ഈ മണ്ണിന്റെ മകൻ എന്നാണ് മുഖ്യമന്ത്രി ജിതേന്ദ്ര കുമാറിനെ വിശേഷിപ്പിച്ചത്. അപകടത്തിൽപെട്ട ഹെലികോപ്റ്ററിന്റെ പൈലറ്റായിരുന്നു ആഗ്ര സ്വദേശി പൃഥ്വിയുടെ കുടുംബത്തിന് യുപി സർക്കാർ 50 ലക്ഷം രൂപയും ജനറൽ ബിപിൻ റാവത്തിന്റെ സെക്യൂരിറ്റി ഓഫീസറായിരുന്ന ലാൻസ് നായിക് ബി.സായ് തേജയുടെ കുടുംബത്തിന് ആന്ധ്ര സർക്കാർ 50 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. .
ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച എല്ലാവരെയും കഴിഞ്ഞദിവസം തിരിച്ചറിഞ്ഞു. ലഫ്റ്റനന്റ് കേണൽ ഹർജീന്ദർ സിംഗ്, ഹവിൽദാർ സത്പാൽ റായ്, നായ്‌ക് ജിതേന്ദ്രകുമാർ, നായ്‌ക് ഗുർ സേവക് സിംഗ് എന്നിവരുടെ മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധനയിലാണ് തിരിച്ചറിഞ്ഞത്. ഹർജീന്ദർ സിംഗിന്റെ മൃതദേഹം ഇന്നലെ ഡൽഹി കന്റോൺമെന്റിലെ വസതിയിലെത്തിച്ചു. 3.30ന് ബ്രാർ സ്ക്വയർ ശ്മശാന ത്തിൽ സംസ്കരിച്ചു. മകൾ പ്രീത് കൗർ ചിതയ്ക്ക് തീ കൊളുത്തി. ഭാര്യ മേജർ (റിട്ട) അഗ്നസ്. പി മനേസസിനെയും മകൾ പ്രീത് കൗറിനെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആശ്വസിപ്പിച്ചു. ആർമി ചീഫ് എം.എം നരവനെ, എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി, നേവി ചീഫ് അഡ്മിറൽ ആർ.ഹരികുമാർ എന്നിവരും ആദരാഞ്ജലി അർപ്പിച്ചു.
ജനറൽ ബിപിൻ റാവത്തിന്റെ സെക്യൂരിറ്റി ഓഫീസറായിരുന്ന ലാൻസ് നായിക് ബി.സായ് തേജയുടെ മൃതദേഹം ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ ജന്മഗ്രാമമായ യഗുവരേഗഡിയിൽ സംസ്‌കരിച്ചു. ഹവിൽദാർ സത്പാൽ റായിയുടെ മൃതദേഹം ബംഗാളിലെ ഡാർജിലിങ്ങിനടുത്ത് തക്ദയിലെത്തിച്ചു. സംസ്‌കാരം ഇന്ന്.
നായ്‌ക് ഗുർ സേവക് സിംഗിന്റെ മൃതദേഹം പഞ്ചാബിലെ ജന്മഗ്രാമമായ തരൺ തരണിലെ ഡോഡെ സോധിയാനിൽ സംസ്കരിച്ചു. മൂന്ന് വയസ്സുള്ള മകൻ ഗാർഫത്തേ സിംഗ് ചിതയ്ക്ക് തീ കൊളുത്തി.