supreme-court

ന്യൂഡൽഹി: പ്രായമായ പിതാവിന് മക്കൾ പരിപാലന ചെലവ് നൽകണമെങ്കിൽ എന്തൊക്കെ കാര്യങ്ങളാണ് പരിഗണിക്കേണ്ടതെന്ന് പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോയമ്പത്തൂർ സ്വദേശിയായ 62 കാരന് മാസം 5000 രൂപ പരിപാലന ചെലവ് നൽകണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് അദ്ദേഹത്തിന്റെ മക്കൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

മികച്ച വിദ്യാഭ്യാസം ഉൾപ്പെടെ നൽകിയിട്ടും മക്കൾ തന്നെ പരിപാലിക്കുന്നില്ലെന്ന് ആരോപിച്ച് 62 കാരൻ ആദ്യം കുടുംബ കോടതിയെയാണ് സമീപിച്ചത്. എന്നാൽ മക്കൾ അവിവാഹിതരാണ്. മകൾക്ക് മാത്രമാണ് ജോലിയുള്ളത്. മക്കൾ പിതാവിനെ നോക്കിയില്ല എന്നതിന് തെളിവില്ല. തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിച്ച കുടുംബകോടതി ഹർജി തള്ളിയിരുന്നു.

തുടർന്ന് ഹൈക്കോടതിയെ സമീപിച്ച 62 കാരന് പ്രതിമാസം 5000 രൂപ നൽകാൻ കോടതി വിധിച്ചു. ഇത് ചോദ്യം ചെയ്ത് കൊണ്ടുള്ള ഹർജിയിലാണ് സുപ്രീം കോടതിയുടെ പുതിയ നിരീക്ഷണം. പിതാവ് നൽകിയ പരാതി വ്യാജമെന്ന് ചൂണ്ടിക്കാട്ടിയ ഹർജിയിൽ ചെറിയ പ്രായത്തിൽ പിതാവ് തങ്ങളെ ഉപേക്ഷിച്ച് പോയെന്നും വായ്പ എടുത്താണ് പഠന ചെലവ് നടത്തിയതെന്നും മക്കൾ വ്യക്തമാക്കുന്നുണ്ട്.