
ആഗ്ര: തമിഴ്നാട്ടിലെ കൂനൂരിൽ ഉണ്ടായ ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട എയർ ഫോഴ്സ് വിംഗ് കമാൻഡർ പൃഥ്വി സിംഗ് ചൗഹാന്റെ സംസ്കാരത്തിനിടെ വികാരനിർഭരമായ കാഴ്ചയിൽ കണ്ണുനിറഞ്ഞ് ബന്ധുക്കളും നാട്ടുകാരും. ആഗ്രയിലെ ശരൺ നഗറിൽ നടന്ന ശവസംസ്കാര ചടങ്ങിനിടെ പൃഥ്വി സിംഗ് ചൗഹാന്റെ ഏഴുവയസുകാരനായ ഇളയമകൻ തന്റെ അച്ഛന്റെ ഐ എ എഫ് തൊപ്പി അണിയുന്ന കാഴ്ചയാണ് ഏവരുടെയും കണ്ണ് നനയിച്ചത്. തുടർന്ന് ചൗഹാന്റെ ഭാര്യ മൂത്തമകളെയും തൊപ്പി അണിയിച്ചു.
Innocent young son of Wg Cdr Prithvi Singh Chauhan wear his father's IAF cap during last rites in Agra. May God bless the grieved family 🇮🇳💐🙏🏽
— Neeraj Rajput (@neeraj_rajput) December 11, 2021
Video: @ravikantabp pic.twitter.com/EYbFOYyMpG
സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പടെയുള്ളവർ കൊല്ലപ്പെട്ട കോപ്ടർ അപകടത്തിൽ മരിച്ച പൃഥ്വി സിംഗ് ചൗഹാന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ ശനിയാഴ്ചയാണ് നടന്നത്. ധീരയോദ്ധാവിന് അന്തിമോപചാരം അർപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും ഉൾപ്പടെ വലിയൊരു ജനക്കൂട്ടമാണ് എത്തിച്ചേർന്നത്. ചൗഹാന്റെ ഭാര്യ കാമിനി സിംഗും രണ്ട് മക്കളും, ചൗഹാന്റെ എഴുപത്തിനാലുകാരനായ അച്ഛൻ സുരേന്ദ്ര സിംഗും, എഴുപതുകാരിയായ അമ്മ സുശീല സിംഗും എത്തിയതോടെ ചടങ്ങുകൾ കൂടുതൽ വികാരഭരിതമായി. തന്റെ ഹീറോയായ അച്ഛന്റെ പാത പിന്തുടർന്ന് താനും ഇന്ത്യൻ എയർഫോഴ്സിൽ ചേരുമെന്ന് സംസ്കാര ചടങ്ങുകൾക്ക് ശേഷം ചൗഹാന്റെ പന്ത്രണ്ട് വയസുകാരിയായ മകൾ ആരാദ്ധ്യ പറഞ്ഞിരുന്നു.
കഴിഞ്ഞ ബുധനാഴ്ച തമിഴ്നാട്ടിലെ കൂനൂരിൽ ഉണ്ടായ ഹെലികോപ്ടർ അപകടത്തിൽ പതിമൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. അപകടത്തിൽ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിംഗിന്റെ നില മാറ്റമില്ലാതെ തുടരുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദ്ദത്തിൽ ഇടയ്ക്കിടെ വ്യതിയാനമുണ്ടാകുന്നത് ആശങ്കപ്പെടുത്തുന്നു. ബംഗളൂരുവിലെ വ്യോമയാന കമാൻഡ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോൾ അദ്ദേഹം.