
വരുംകാലത്ത് ലോകത്തിനാവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ സാങ്കേതിക വിദ്യകൾ വികസിപ്പിക്കേണ്ട കാലമാണിത്. ഇന്ധനം, കൽക്കരി പോലുളളവയിൽ നിന്നുളള ഊർജം പരിസ്ഥിതിയ്‌ക്ക് ദോഷമാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാൽ പുനരുപയോഗിക്കാവുന്ന തരം വൈദ്യുതി വരുംകാലത്തെ ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമാണ്.
നിലവിൽ മനുഷ്യന്റെ അനിയന്ത്രിതമായ ഊർജ ഉപയോഗം മൂലം പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ തകരുകയാണ്. കോടിക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന മഞ്ഞുമലകളിൽ വിളളലുണ്ടാകുകയോ തകരുകയോ ചെയ്യുന്നു, ജീവജാലങ്ങൾ അപ്രത്യക്ഷമാകുന്നു ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ പുനരുപയോഗിക്കാവുന്ന തരം വൈദ്യുതി ഉപകാരപ്രദമാണ്.
അമേരിക്കയിലെ വൈദ്യുത ഉൽപാദന ഭീമനായ ജനറൽ ഇലക്‌ട്രിക് കമ്പനി ഇത്തരത്തിൽ പുനരുപയോഗിക്കാവുന്ന വൈദ്യുതിയിൽ വിപ്ളവകരമായ കണ്ടെത്തൽ തന്നെ നടത്തി. കാറ്റാടി യന്ത്രങ്ങളുപയോഗിച്ചുളള വൈദ്യുതിയുൽപാദനത്തിൽ ഒരു തവണ കാറ്രാടി യന്ത്രങ്ങൾ കറങ്ങിവരുമ്പോൾ ഉൽപാദിപ്പിക്കുന്നത് ഒരു വീടിന് രണ്ട് ദിവസത്തേക്ക് വേണ്ട വൈദ്യുതിയാണ്.
അമേരിക്കയിൽ മസാച്യുസെറ്റ്സിൽ നിർമ്മിക്കുന്ന 'വൈൻയാർഡ് വിൻഡ്' പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ ശക്തമായ കാറ്റാടി യന്ത്രങ്ങൾ.ജിഇ ഹലിയേഡ് എക്‌സ് എന്ന പേരിൽ നിരവധി കാറ്റാടി യന്ത്രങ്ങൾ ഉൽപാദിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.
13 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന ലോകത്തെ മികവുറ്റ കാറ്റാടി യന്ത്രമാകും ഇവ. ഇത് വൈദ്യുതോൽപാദന വ്യവസായത്തിന് തന്നെ ശ്രദ്ധേയമായ കണ്ടെത്തലാണെന്ന് വൈൻയാർഡ് വിൻഡ് സിഇഒ ലാർസ് ടി.പെഡെർസെൻ പറഞ്ഞു.