keralabank

കോഴിക്കോട്: അവകാശികൾ എത്താത്ത നിക്ഷേപങ്ങൾ സ്വന്തം മകളുടെ അക്കൗണ്ടിലേക്ക് മാറ്റുന്നത് പതിവാക്കിയ കേരളബാങ്ക് ജീവനക്കാരിയുടെ കള്ളത്തരം ഒടുവിൽ പിടിക്കപ്പെട്ടു. കോഴിക്കോട്ടെ മുഖ്യ ശാഖയിലാണ് സംഭവം. സീനിയർ അക്കൗണ്ടന്റ് ആയിരുന്ന പി ടി ഉഷാദേവിയാണ് തട്ടിപ്പ് നടത്തിയത്. അരക്കോടിയോളം രൂപ ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇവർ നേരത്തേ ജോലിചെയ്തിരുന്ന ബ്രാഞ്ചുകളിലും അന്വേഷണം നടത്തിയാലേ എത്രരൂപ നഷ്ടപ്പെട്ടുവെന്ന് വ്യക്തമാകൂ എന്നാണ് അധികൃതർ പറയുന്നത്. സിപിഎം അനുകൂല സംഘടനയിലെ അംഗമായ ഉഷാദേവിയെ അന്വേഷണ വിധേയമായി സസ്പെൻഡുചെയ്തിട്ടുണ്ട്.

ക്ലെയിം ചെയ്യപ്പെടാതെ കിടന്നിരുന്ന സ്ഥിര നിക്ഷേപങ്ങളും ദീർഘകാലമായി ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകളിലെ പണവുമാണ് ഉഷാദേവി മകളുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. നിക്ഷേപങ്ങൾക്ക് നൽകേണ്ടിയിരുന്ന പലിശ ഇനത്തിൽ 2.50 ലക്ഷം രൂപയും രണ്ടു തവണയായി മകളുടെ അക്കൗണ്ടിലേക്കു മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതേ ബാങ്കിൽ അക്കൗണ്ടുള്ള മറ്റൊരു സ്ത്രീയുടെ അക്കൗണ്ടിലേക്ക് 1.25 ലക്ഷം രൂപ മാറ്റിയെന്നും വ്യക്തമായിട്ടുണ്ട്. അടുത്തിടെ നടന്ന ഓഡിറ്റിംഗിലാണ് വൻ തട്ടിപ്പ് വ്യക്തമായത്.

കൂടെ ജോലിചെയ്യുന്നവരുടെ കംപ്യൂട്ടർ ലോഗിനും പാസ്‍വേർഡും ഉപയോഗിച്ചാണ് ഉഷാദേവി തട്ടിപ്പു നടത്തിയതെന്നാണ് കരുതുന്നത്. ഇവ കൈക്കലാക്കിയശേഷം സഹപ്രവർത്തകർ ഓഫീസിൽ എത്താത്ത ദിവസങ്ങളിലാണ് തട്ടിപ്പ് നടത്തുന്നത്. അതിനാൽ തന്നെ ആർക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല.

പാർട്ടി അനുകൂലിയായതിനാൽ ഉഷാദേവിക്കെതിരെ ബാങ്ക് കാര്യമായ നടപടി എടുക്കാതെ ഒളിച്ചുകളിക്കുകയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഗുരുതരമായ ക്രിമിനൽ കുറ്റമായിട്ടും പൊലീസിൽ പരാതി നൽകാൻ കൂട്ടാക്കാത്തത് ഇതിന് തെളിവായി അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ആരോപണം ബാങ്ക് അധികൃതർ തള്ളിക്കളയുകയാണ്. ഉഷാദേവിയെ സഹായിച്ച ജീവനക്കാരുടെ പങ്കും അന്വേഷണത്തിൽ തെളിയേണ്ടതുണ്ടെന്നും വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഇതിന്റെ റിപ്പോർട്ട് കിട്ടിയശേഷം കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.