
ഇൻസ്റ്റഗ്രാമിലൂടെ കുടുംബ വിശേഷങ്ങളും ഡാൻസ് ചെയ്യുന്ന വീഡിയോകളുമൊക്കെ പങ്കുവയ്ക്കുന്നയാളാണ് അഭിനേത്രിയും നടിയുമായ സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയുടെ മെറ്റേർണിറ്റി ഫോട്ടോഷൂട്ടും, പ്രസവത്തിന് മണിക്കൂറുകൾക്ക് മുൻപുള്ള ഡാൻസ് വീഡിയോയും നേരത്തെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
പുതിയ നൃത്ത വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഇപ്പോൾ. സിസേറിയൻ കഴിഞ്ഞ് പന്ത്രണ്ടാം ദിവസമാണ് കിടിലൻ നൃത്തച്ചുവടുകളുമായെത്തിയത്. സിസേറിയനെ പേടിക്കേണ്ട കാര്യമില്ലെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'സിസേറിയനു ശേഷമുള്ള പന്ത്രണ്ടാം ദിവസം. അമ്മയാകാൻ തയ്യാറെടുക്കുന്നവരെ പേടിപ്പിക്കാതിരിക്കൂ...സ്ത്രീകളെ, നിങ്ങൾ എന്നെ വിശ്വസിക്കൂ, സിസേറിയൻ അത്ര വലിയ കാര്യമൊന്നുമല്ല.ആരോഗ്യമേഖല വളരെയേറെ പരോഗതി കൈവരിച്ചിരിക്കുന്നു. സിസേറിയനെക്കുറിച്ച് നിങ്ങൾ കേൾക്കുന്നതെല്ലാം തെറ്റാണ്. പ്രതീക്ഷ കൈവിടരുത്.'- സൗഭാഗ്യ കുറിച്ചു.