bipin-rawat-reshmitha

ആലുവ: ഹെലികോപ്‌ടർ അപകടത്തിൽ മരണപ്പെട്ട ജനറൽ ബിപിൻ റാവത്തിനെതിരെ ഫേസ്ബുക്ക് പോസ്‌റ്റിട്ട സർക്കാർ അഭിഭാഷക രശ്‌മിത രാമചന്ദ്രനെതിരെ സ്വാഭാവിക നടപടിയുണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്‌ണക്കുറുപ്പ്. എന്തു നടപടിയാണുണ്ടാകുക എന്ന് ഇപ്പോൾ പറയാനാകില്ലെന്നും എജി വ്യക്തമാക്കി. ആലുവ ഗസ്‌റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനമായുള്ള കൂടിക്കാഴ‌്‌ചയ‌ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് എജി ഇക്കാര്യം സൂചിപ്പിച്ചത്.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയെ സാധാരണം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 'ഒരു സാധാരണ കൂടിക്കാഴ്‌ച, അതിനപ്പുറത്തേക്ക് ഒന്നുമില്ല. അഡ്വക്കേറ്റ് ജനറലിന് മുഖ്യമന്ത്രിയെ കാണുന്നതിന് പ്രത്യേക വിഷയം വേണമെന്നില്ല. നിരവധി കാര്യങ്ങൾ ചർച്ച ചെയ്യാനും, നിയമോപദേശം കൊടുക്കാനുമൊക്കെയുണ്ടാകും'എജി പറഞ്ഞു.

കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന്, അത് കോടതിയിൽ ഇരിക്കുന്ന കാര്യമല്ലേയെന്നും, അതിനെ കുറിച്ച് താൻ അഭിപ്രായം പറയുന്നത് ശരിയല്ലെന്നുമായിരുന്നു എജിയുടെ മറുപടി.

ഗവർണർ പറഞ്ഞകാര്യങ്ങളൊന്നും താൻ ശ്രദ്ധിച്ചിട്ടില്ല. ഗവർണർ എന്നോടൊന്നും ചോദിച്ചിട്ടുമില്ല, ഞാൻ കൊടുത്തിട്ടുമില്ല. ഗവർണർക്കല്ല സർക്കാരിനാണ് താൻ നിയമോപദേശം കൊടുക്കുന്നതെന്നും അഡ്വ. ജനറൽ പറഞ്ഞു.