
ലക്‌നൗ: സുകുമാര കുറുപ്പ് മോഡൽ കൊലപാതകം ഉത്തർപ്രദേശിലും. പ്രതി ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി, മറ്റൊരാളെ കൊലപ്പെടുത്തി മൃതദേഹം തന്റേതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയായിരുന്നു. ഒരു ആശാരിയാണ് കൊല്ലപ്പെട്ടത്. കേസിൽ നാൽപത്തിയെട്ടുകാരനായ സുദേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് സഹായിച്ച ഇയാളുടെ ഭാര്യയേയും ഗാസിയാബാദ് പൊലീസ് അറസ്റ്റ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്വന്തം മകളെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്നു സുദേഷ് കുമാർ. പരോളിലിറങ്ങിയ ശേഷം തിരികെ പോകുന്നത് ഒഴിവാക്കാൻ വേണ്ടിയായിരുന്നു ആശാരിയെ കൊലപ്പെടുത്തിയത്. കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു കൃത്യം നടത്തിയത്.
വീടിന്റെ അറ്റകുറ്റപ്പണി നടത്താനുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് നവംബർ 18ന് പ്രതി ബിഹാർ സ്വദേശിയായ ദോമർ രവിദാസിനെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുന്നത്. കോൺട്രാക്റ്റ് ഉറപ്പിച്ച സമയത്ത് തന്നെ സുദേഷ് തന്റെ ഒരു വസ്ത്രം ദോമറിന് നൽകിയിരുന്നു. ഇത് ഇട്ടുകൊണ്ട് ജോലിക്ക് വരണമെന്ന് പറയുകയും ചെയ്തു.
വീട്ടിലെത്തിയ ദോമറിന് പ്രതി മദ്യം ഒഴിച്ചുനൽകുകയും, ബോധം പോയപ്പോൾ വിറക് കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. ശേഷം മൃതദേഹം ചാക്കിലാക്കി ലോണി എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് മൃതദേഹം തിരിച്ചറിയാൻ പറ്റാത്തവിധത്തിൽ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. സ്വന്തം ആധാർകാർഡ് മൃതദേഹത്തിന്റെ പോക്കറ്റിൽ വയ്ക്കുകയും ചെയ്തു.
നവംബർ 20നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. പരിശോധനയിൽ സുദേഷിന്റെ ആധാർ കാർഡ് കണ്ടെത്തി. തുടർന്ന് ഇയാളുടെ ഭാര്യയെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം ഭർത്താവിന്റേത് തന്നെയാണെന്ന് അവർ ഒരുനോക്ക് കണ്ടപ്പോൾ തന്നെ തിരിച്ചറിഞ്ഞു.
മുഖം ഉൾപ്പടെ കത്തിക്കരിഞ്ഞിട്ടും മൃതദേഹം പെട്ടെന്ന് യുവതി തിരിച്ചറിഞ്ഞത് പൊലീസിൽ സംശയമുണ്ടാക്കി. കൂടാതെ ഭർത്താവ് മരിച്ചെന്ന് മനസിലായിട്ടും അവരുടെ മുഖത്ത് സങ്കടമൊന്നുമില്ലായിരുന്നു. ഇതും സംശയത്തിന് ആക്കം കൂട്ടി. ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടയിൽ പ്രതി ഭാര്യയെ കാണാൻ വരുന്നുണ്ടെന്ന രഹസ്യവിവരവും പൊലീസിന് ലഭിച്ചു. തുടർന്ന് പൊലീസ് കെണിയൊരുക്കുകയായിരുന്നു.