
ടോക്കിയോ: പ്രേതങ്ങൾ വേട്ടയാടുന്ന വസതിയിൽ ഒരു രാത്രി മുഴുവൻ ചെലവഴിച്ചിരിക്കുകയാണ് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കുഷിദ. ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ജപ്പാൻ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതിയിൽ കിടന്നുറങ്ങുന്നത്. മുൻപ്രധാനമന്ത്രിമാരായിരുന്ന യോഷിഹിഡെ സുഗെയുടെയും ഷിൻസോ ആബെയുടെയും കാലഘട്ടത്തിൽ ഈ വസതി ഒഴിഞ്ഞു കിടക്കുകയായിരുന്നു.
എന്നാൽ ഒരു രാത്രി മുഴുവൻ അവിടെ ചെലവഴിച്ചിട്ടും തനിക്കൊന്നും സംഭവിച്ചില്ലെന്ന് ഫുമിയോ കുഷിദോ ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. 1930 കാലഘട്ടത്തിൽ ഒരു പ്രധാനമന്ത്രി ഉൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥർ പട്ടാള അട്ടിമറിയെ തുടർന്ന് ഇവിടെ വച്ച് കൊലചെയ്യപ്പെട്ടിരുന്നു.
നാല് വർഷങ്ങൾക്കിപ്പുറം വീണ്ടും അവിടെ പട്ടാള അട്ടിമറി ശ്രമം നടന്നിരുന്നു. തുടർന്നും പല തരത്തിലുള്ള പ്രശ്‌നങ്ങൾ അവിടെയുണ്ടായി. 2012ൽ യോഷിഹിക്കോ നോഡയ‌്ക്ക് ശേഷം ഒരു പ്രധാനമന്ത്രിയും ഈ ഔദ്യോഗിക വസതിയിൽ താമസിച്ചിട്ടില്ല. അതോടെ അവിടെ പ്രേതശല്യമുണ്ടെന്ന വിശ്വാസം ജനങ്ങൾക്കിടയിലുമുണ്ടായി. ശേഷം വന്നവരെല്ലാം പാർലമെന്റംഗങ്ങൾക്കുള്ള കെട്ടിട സമുച്ചയത്തിലായിരുന്നു താമസിച്ചിരുന്നത്.
എന്നാൽ, തന്റെ ചുമതലകളിൽ കൂടുതൽ ശ്രദ്ധിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും വെറും ഒരു മിനിട്ട് മാത്രം ദൂരമുള്ള ഈ വസതിയിലേക്ക് താമസം മാറിയിരിക്കുന്നതെന്നാണ് കുഷിദ പറയുന്നത്. പ്രേതശല്യമുണ്ടോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തനിക്ക് അത്തരത്തിലുള്ള ഒരു അനുഭവവും ഉണ്ടായില്ലയെന്നാണ് അദ്ദേഹം പറഞ്ഞത്.