
21 വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലേക്ക് വിശ്വസുന്ദരി കിരീടം എത്തുമ്പോൾ വിജയിയായ ഹർനാസ് സന്ധുവിനോടൊപ്പം ചർച്ചയാകുന്ന മറ്റൊന്ന് കൂടിയുണ്ട്. ഹർനാസ് ധരിച്ച ബീജിലും വെള്ളിയിലും അലങ്കരിച്ച മനോഹരമായ ഗൗൺ. ട്രാൻസ് വുമണും ഡിസൈനറുമായ സൈഷ ഷിൻഡെയുടെ മനസിൽ വിരിഞ്ഞ ലുക്കായിരുന്നു ലോകം വിശ്വസുന്ദരിയുടെ വിജയത്തിലൂടെ ഇന്ന് കണ്ടത്.
ശരീരത്തിന്റെ വടിവ് എടുത്തുകാട്ടുന്ന ഗൗണിന് ഭംഗിയായി നൽകിയിരിക്കുന്നത് വി നെക്ക്‌ലൈനാണ്. വസ്ത്രത്തിലുടനീളം കല്ലുകൾ പതിപ്പിച്ചിരിക്കുന്നു. ഗൗണിന്റെ നിറവും ഡിസൈനിംഗിനും ഹർനാസിന്റെ ഭംഗി ഒരുപടി കൂടി ഉയർത്തിയിട്ടുണ്ട്. കിരീടം ചൂടാൻ ഹർനാസിനെ സഹായിച്ചതിൽ സൈഷയും അവർ ഡിസൈൻ ചെയ്‌ത ഗൗണും വലിയൊരു പങ്കുവച്ചിട്ടുണ്ടെന്ന് നിസംശയം പറയാം. ഹർനാസിനൊപ്പം തന്നെ സൈഷയും അഭിനന്ദനങ്ങൾക്ക് നടുവിലാണ്.
ആരാണ് സൈഷ എന്ന് ചിന്തിക്കുന്നവർക്കുള്ള ഉത്തരം ഇനി പറയാം. ബോളിവുഡിലെ താരസുന്ദരികളായ കരീന കപൂർ, അനുഷ്‌ക ശർമ്മ, ശ്രദ്ധ കപൂർ തുടങ്ങിയവരുടെയെല്ലാം പ്രിയപ്പെട്ട സ്റ്റൈലിസ്റ്റാണ് സൈഷ. പരിപാടികൾക്കും ഫോട്ടോഷൂട്ടിനുമെല്ലാം അവർ ക്ഷണിക്കുന്നതും സൈഷയെയാണ്. പ്രശസ്‌ത ഫാഷൻ മാഗസിനുകൾക്ക് വേണ്ടിയും അവർ കോസ്റ്റ്യൂം ഡിസൈനിംഗ് നടത്താറുണ്ട്.
ഗൗണിനൊപ്പം കല്ല് പതിപ്പിച്ച ഡ്രോപ് കമ്മലുകളാണ് ഹർനാസ് പെയർ ചെയ്‌തിരിക്കുന്നത്. വസ്ത്രത്തിലുള്ളതുപോലെ മേക്കപ്പിലും മിതത്വം പാലിച്ചു. ഹർനാസിന്റെ ബോൾഡ് ഐ മേക്കപ്പും മത്സരത്തിൽ ഏറെ ശ്രദ്ധ നേടി.