
''ദൈവം തന്നതല്ലാതൊന്നും" എന്ന ഒരൊറ്റ പാട്ടിലൂടെ ആളുകൾ ഇന്നും സ്നേഹിക്കുന്ന ഗായികയാണ്
ചിത്രാ അരുൺ. ഓരോ പാട്ടിലും തന്റെ കയ്യൊപ്പിട്ട ചിത്രയുടെ വിശേഷങ്ങൾ...
ഒരൊറ്റപാട്ടിലൂടെ കാലങ്ങളോളം സ്നേഹിക്കപ്പെടുക. അധികമാർക്കും കിട്ടുന്ന ഭാഗ്യമല്ല അത്. ഗായിക ചിത്രാ അരുൺ ഓരോ വേദികളിലും ഇന്ന് അഭിനന്ദിക്കപ്പെടുന്നത് പ്രശസ്ത ക്രിസ്തീയ ഭക്തിഗാനമായ 'ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ" എന്ന ഒരൊറ്റ ഗാനത്തിലൂടെയാണ്. ഉള്ളിന്റെയുള്ളിലെ ദൈവത്തെ അത്ര തൊട്ടടുത്ത് അറിയുന്ന അനുഭവമാണ് ഈ പാട്ട്. ക്രിസ്മസ് കാലത്ത് ചിത്രയുടെ വിശേഷങ്ങൾ...
'ദൈവം തന്നതല്ലാത്തതൊന്നും"ഇന്നും ഹൃദയത്തെ തൊടുന്ന പാട്ടാണല്ലോ?
ഇന്നും ആളുകൾ ഓർത്തുപറയുന്നത് ഈ പാട്ടാണ്. ഒരു ഓണക്കാലത്തായിരുന്നു ആ ഗാനം റിലീസ് ചെയ്തത്. ഇന്നും ആളുകൾ ആ ഗാനം കേൾക്കുന്നതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ട്. ആ പാട്ടുകേൾക്കുമ്പോൾ കരഞ്ഞുപോകുന്നെന്ന് ചിലരൊക്കെ എന്റെടുത്ത് വന്നു പറഞ്ഞിട്ടുണ്ട്. സംഗീതജീവിതത്തിൽ റെക്കാർഡ് ചെയ്ത മൂന്നാമത്തെ ഗാനമായിരുന്നു. കരിയറിന്റെ തുടക്കക്കാലത്ത് എനിക്ക് കിട്ടിയ അഭിനന്ദനങ്ങൾ ഏറെ സന്തോഷം പകരുന്നതായിരുന്നു. ആ പാട്ട് രചിച്ചത് രാജേഷ് അത്തിക്കയവും സംഗീതം നൽകിയത് ജോജി ജോൺസുമാണ്. അതിമനോഹരമായ വരികളും എല്ലാവർക്കും പാടാൻ കഴിയുന്നരീതിയിൽ ഹൃദ്യമായ ഈണവും ആണ് ഈ പാട്ടിനുള്ളത്. അത് പാടാൻ എനിക്ക് അവസരം ലഭിച്ചതിന് ഈശ്വരനോടും എന്നെ തിരഞ്ഞെടുത്തവരോടും നന്ദി മാത്രമേയുള്ളൂ. പാട്ട് മത്സരങ്ങളിൽ പങ്കെടുക്കുന്നവരിൽ കൂടുതൽ പേരും ഈ പാട്ട് തിരഞ്ഞെടുക്കുന്നതായി പലരും എന്റയടുത്ത് പറഞ്ഞിട്ടുണ്ട്. അതൊക്കെ വളരെ സന്തോഷം തരുന്ന അംഗീകാരങ്ങളാണ്. ഗുരുവായൂരിൽ അടുത്തിടെ ഒരു പരിപാടിക്ക് പോയപ്പോൾ ഈ പാട്ടിന്റെ കാര്യം ഓർത്തെടുത്ത് പലരും വന്ന് പരിചയപ്പെട്ടു. അക്ഷരാർത്ഥത്തിൽ ഈ ഗാനം എനിക്ക് ഒരു ഐഡന്റിറ്റി ഉണ്ടാക്കിതന്ന ഒന്നാണ്.
പാട്ടിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു?
കുട്ടിക്കാലം മുതലേ പാട്ട് പഠിച്ചിരുന്നു. പാടുന്നത് വലിയ സന്തോഷമായിരുന്നു. പാലക്കാട് ചിറ്റൂർ കോളേജിൽ നിന്ന് സംഗീതത്തിൽ ബിരുദവും തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നിന്ന് ബിരുദാനന്തരബിരുദവും നേടി. ബിരുദത്തിന് രണ്ടാം റാങ്കും പി.ജിയ്ക്ക് ഒന്നാം റാങ്കുമുണ്ടായിരുന്നു. വിവാഹശേഷമാണ് സംഗീതമേഖലയിൽ കൂടുതൽ സജീവമാകുന്നത്. എറണാകുളത്തുള്ള പി.ആർ. മുരളി എന്ന ഗായകൻ വഴിയാണ് ജീവിതത്തിൽ വഴിത്തിരിവുകൾ സംഭവിച്ചതും ഗായിക എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങിയതും.

ചലച്ചിത്രഗാനങ്ങളൊക്കെ?
ഏകദേശം പന്ത്രണ്ടോളം സിനിമകളിൽ പാടിയിട്ടുണ്ട്. അതിൽ ശ്രദ്ധ നേടിയത് റാണി പത്മിനിയിലെ 'ഒരു മകരനിലാവായി" എന്ന ഗാനവും രക്ഷാധികാരി ബൈജുവിലെ 'ഞാനീ ഊഞ്ഞാലിൽ" എന്ന ഗാനവും ആണ്. ഹൗസ് ഫുൾ എന്ന സിനിമയിലെ 'ഉയിരിൻ വരവായി" എന്നു തുടങ്ങുന്ന ഗാനമാണ് ആദ്യമായി സിനിമയിൽ പാടിയ ഗാനം. കൂടാതെ 3500ലധികം ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ പാടിയിട്ടുണ്ട്. അനേകം ഗുരുക്കന്മാർ ജീവിതത്തിൽ പാട്ട് പഠിപ്പിച്ചിട്ടുണ്ട്. ബന്ധുവായ എ.പി. ജ്യോതിയാണ് സംഗീതത്തിന്റെ അടിസ്ഥാന പാഠങ്ങൾ പകർന്നുതന്നത്. മാവേലിക്കര പി. സുബ്രഹ്മണ്യൻ സാറിന്റെ അടുത്തുനിന്നാണ് ഒടുവിൽ പാട്ട് പഠിച്ചത്.
സിനിമാഗാനമാണോ ഭക്തിഗാനമാണോ പാടാൻ ഏറ്റവും ഇഷ്ടം?
ഒരു ഗായിക എന്ന നിലയിൽ എല്ലാം ഗാനങ്ങളും പാടണമെന്നാണ് ആഗ്രഹം. പിന്നെ എനിക്ക് കിട്ടുന്ന അവസരങ്ങൾക്കനുസരിച്ച് ഭക്തിഗാനവും സിനിമാഗാനവും ഒരുപോലെ വിലപ്പെട്ടതാണെനിക്ക്. എനിക്ക് കിട്ടുന്ന അവസരങ്ങളെല്ലാം തന്നെ ഭാഗ്യമായാണ് കരുതുന്നത്. സംഗീതവുമായി ബന്ധപ്പെട്ട മേഖലയിൽ തന്നെ സജീവമാകാൻ കഴിഞ്ഞത് സന്തോഷം പകരുന്ന കാര്യമാണ്. ഏത് തരം ഗാനം പാടിയാലും അത് നന്നായി പാടാൻ കഴിയണമേ എന്നു മാത്രമാണ് പ്രാർത്ഥന.
ക്രിസ്മസ് വിശേഷങ്ങൾ എന്തൊക്കെയാണ് ?
പാട്ടുകളുടെ ഓർമ്മയാണ് ഓരോ ക്രിസ്മസും എനിക്ക്. പാലക്കാടാണ് എന്റെ നാട്, അവിടെ ഒരു ചെറിയ പള്ളി ഉണ്ട്. അവിടെ നിന്നും സാന്റാ വേഷം കെട്ടി കരോൾ വരുമായിരുന്നു. ഇപ്പോൾ വീട്ടിൽ ക്രിസ്മസ് കാലത്ത് പുൽക്കൂടും നക്ഷത്രവും കേക്കുമൊക്കെ ഉണ്ട്. എല്ലാ ക്രിസ്മസ് കാലത്തും ക്രിസ്മസ് ഗാനങ്ങളുടെ റെക്കോഡിംഗ് ഉണ്ടാകാറുണ്ട്.
കുടുംബം നൽകുന്ന പിന്തുണ?
അച്ഛൻ ഭരതൻ മരിച്ചിട്ട് നാലുവർഷമായി. അമ്മ മാലതി എന്നോടൊപ്പം എറണാകുളത്താണ് താമസിക്കുന്നത്. ഭർത്താവ് അരുൺ, മകൻ ആനന്ദ്, മകൾ ആരാധ്യ. എല്ലാവരും തരുന്ന പിന്തുണയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.