
ഒരാൾ ഈ ഭൂമുഖത്ത് നിന്ന് ഓർക്കാപ്പുറത്ത് അപ്രത്യക്ഷമാകുമ്പോൾ ഉറ്റവർക്ക് ഓർക്കാൻ സ്നേഹനിർഭരമായ എത്രയോ മുഹൂർത്തങ്ങളുണ്ടാകും.ചില ഇണക്കങ്ങൾ, പിണക്കങ്ങൾ, പരിഭവങ്ങൾ, കുറ്റപ്പെടുത്തലുകൾ, പറയാതെ പോയ വാക്കുകൾ, പൂർത്തിയാക്കാത്ത മോഹങ്ങൾ അങ്ങനെ ഒരിക്കലും എഴുതപ്പെടാത്ത അനുഭവപരമ്പരകളുടെ ഒരു സമാഹാരമാണല്ലോ മനുഷ്യജീവിതം. നമ്മുടെ സ്നേഹം മനസിലാക്കാതെയോ തിരിച്ചറിയാതെയോ പോയവരുടെ വേർപാട് കൂടുതൽ ദുഃഖിപ്പിക്കും. കാരണം അവരോടുണ്ടായിരുന്ന സ്നേഹത്തിന്റെ ആഴം അപ്പോഴായിരിക്കും നാം തന്നെ തിരിച്ചറിയുക. സുദർശനന്റെ നിരീക്ഷണം ശരിയാണെന്ന് കേട്ടിരുന്നവർക്കും തോന്നി.
ഓരോ മനുഷ്യന്റെയും മുഖത്തെ പല ഭാവങ്ങൾ പിറന്നുമായുന്നതിന് ഉദാഹരണമായി സുനന്ദയുടെ മരണത്തെപ്പറ്റി സുദർശനൻ പറഞ്ഞു തുടങ്ങി. ഭർത്താവിന് ഓർക്കാപ്പുറത്തുണ്ടായ രോഗം സുനന്ദയെ കാര്യമായി അലട്ടിയില്ലെന്ന് പലർക്കും തോന്നുമായിരുന്നു. കാരണം സൗമ്യമായ ഭാവവും നിറഞ്ഞ ചിരിയും ആ മുഖത്തുണ്ടായിരുന്നു. ഭർത്താവിന് നല്ല ആത്മവിശ്വാസവും ആത്മബലവും ഉണ്ടായിരുന്നു. ആ മട്ടിലായിരുന്നു വാക്കും പെരുമാറ്റവും. അതിനെക്കാൾ തന്റേടം തനിക്കുണ്ടെന്ന് ഭാവിക്കാൻ സുനന്ദ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നുവെന്ന് പിന്നീടാണ് മറ്റുള്ളവർക്ക് ബോദ്ധ്യമായത്. രണ്ടു സൂര്യന്മാർക്കിടയിൽ കിട്ടുന്ന തുച്ഛമായ നിമിഷങ്ങൾ മാത്രമാണ് ജീവിതം. ഉദയസൂര്യനെ കണ്ട് ഉണരുന്ന ഒരാൾ അസ്തമയം വരെ ജീവിച്ചിരിക്കുമെന്ന് എന്ത് ഉറപ്പാണ്?
അതുപോലെ ഗുഡ്നൈറ്റ് ആശംസിച്ച് ഉറങ്ങാൻ കിടക്കുന്നയാൾ ഗുഡ് മോർണിംഗ് പറയാനുണ്ടാകുമോ എന്നും തീർച്ചയില്ല.
സുനന്ദ ഭൂമിയോട് യാത്രപറയുന്നതും അത്തരം യാദൃച്ഛികതകളിലൂടെ. സംസ്കാരചടങ്ങുകൾ കഴിഞ്ഞ് അടുത്തബന്ധുക്കൾ കൂടിയിരിക്കുമ്പോൾ ഇളയ മകൻ പറഞ്ഞത് അമ്മയുടെ അധികമാരും കാണാത്ത മുഖമായിരുന്നു. ഇടയ്ക്കിടെ അമ്മ കുളിമുറിയിൽ കയറും. കുറേനേരം കരയും പിന്നെ മുഖം കഴുകി തിരിച്ചുവരും. അച്ഛന്റെ അടുത്തുവന്ന് തമാശകൾ പറയും. പൊട്ടിച്ചിരിക്കും. അച്ഛന് പോലും ഒന്നും മനസിലാവില്ല. കുറേനാളായപ്പോഴാണ് താൻ ഇക്കാര്യം കണ്ടുപിടിച്ചതെന്നും ആ കുട്ടി പറഞ്ഞു. രോഗത്തെ വകവയ്ക്കാത്ത അച്ഛനും അല്പം സന്തോഷം കിട്ടട്ടെ. മറ്റുള്ളവരെ സദാ ആശ്വസിപ്പിക്കുകയും കുടുകുടെ ചിരിപ്പിക്കുകയും ചെയ്യുന്ന അമ്മയുടെ ഈ മുഖം അധികമാരും കാണണ്ടന്ന് കരുതിയിരിക്കാം. പത്രങ്ങളിൽ വന്ന ചരമവാർത്ത കേട്ടിരുന്നവർ എടുത്തുനോക്കി. സൗമ്യമായി ചിരിക്കുന്നമുഖം. ആ മുഖത്തിന്റെ പിന്നാമ്പുറത്ത് കാണപ്പെടാത്ത, തിരിച്ചറിയപ്പെടാത്ത എത്രയോ മുഖങ്ങളുണ്ടെന്ന് അവർ ചിന്തിച്ചു. ജീവിതത്തിൽ മേക്കപ്പിടാതെ തനിക്കുവേണ്ടിയും അന്യർക്കുവേണ്ടിയും നവരസങ്ങൾ അഭിനയിച്ചു തീർക്കുന്നവരല്ലേ ഓരോ കുടുംബത്തിലും. സുദർശനന്റെ വാക്കുകൾ മരണവീടിന്റെ പുറം ചുമരിലെ സുനന്ദയുടെ ചിത്രത്തെ കൂടുതൽ തിളക്കമുള്ളതാക്കി.
(ഫോൺ: 9946108220)