-flower

ചെന്നൈ: പച്ചക്കറികൾക്ക് മാത്രമല്ല പൂക്കൾക്കും തമിഴ്നാട്ടിൽ തീപിടിച്ച വില. കഴിഞ്ഞ ദിവസം മധുരയിലെ മൊത്തവ്യാപാര മാർക്കറ്റിൽ ഒരു കിലോഗ്രാം മുല്ലപ്പൂവിന്റെ വില റെക്കാഡ് തുകയായ 4,000 രൂപയിത്തിലെത്തി. കാലംതെറ്റി പെയ്ത മഴയും ലഭ്യതക്കുറവുമാണ് മുല്ലപ്പൂവിന്റെ വില കുതിച്ചുയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.

അതിർത്തി ജില്ലകളിലാണ് പൂക്കളുടെ വില കുത്തനെ ഉയർന്നത്. തിരുനെൽവേലിയിലും തെങ്കാശിയിലും കഴിഞ്ഞ ദിവസങ്ങളിൽ ഒരു കിലോ മുല്ലയ്ക്ക് 4,000 വരെയായിരുന്നു.

കൊവിഡിന്റെ വരവോടെ മുല്ല, റോസ് തുടങ്ങിയ ജനപ്രിയ പുഷ്പങ്ങളുടെ വിലയിൽ ഏറ്റക്കുറച്ചിലുകൾ പ്രകടമായിരുന്നു. ഒരു ഘട്ടത്തിൽ, ഏറെ ആവശ്യക്കാരുണ്ടായിരുന്ന വിവാഹ സീസണിൽ പോലും ഒരു കിലോ മുല്ലയ്ക്ക് 2,500 രൂപയോളമായിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു.

അടുത്തിടെ പെയ്ത ശക്തമായ മഴയിൽ മുല്ലപ്പൂ കർഷകർക്ക് ആവശ്യത്തിന് വിളവ് ലഭിച്ചില്ലെന്ന് മാത്രമല്ല, പലരുടെയും കൃഷിയിടങ്ങളിൽ വെള്ളം കയറുകയും പൂക്കൾ നശിക്കുകയും ചെയ്തിരുന്നു. മുല്ല പോലെ ജനപ്രിയ ഇനമായ റോസാപ്പൂക്കളുടെയും വരവ് ഈ കാരണങ്ങളാൽ കുത്തനെ കുറഞ്ഞിരിക്കുകയാണ്.

സാധാരണ 30 ടൺ മുല്ലപ്പൂക്കൾ വരെയെത്തിച്ചിരുന്ന പല കർഷകർക്കും ഇതിന്റെ പകുതി പോലും എത്തിക്കാനാകുന്നില്ല. പൂക്കളുടെ വില കൂടുതലാണെങ്കിലും മാർഗഴി മാസം ആരംഭിക്കുന്നതിനാൽ വ്യാപാരികൾ ഏറെ പ്രതീക്ഷയിലാണ്. വിവാഹ സീസണായിരുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ വില ഉയർന്നിട്ട് പോലും ഡിമാൻഡ് ഏറെയായിരുന്നു.

മധുരയ്ക്ക് പുറമേ, കോയമ്പത്തൂർ, സേലം തുടങ്ങിയ മൊത്തവ്യാപാര കേന്ദ്രങ്ങളിലും പൂക്കളുടെ വില ഉയർന്നിട്ടുണ്ട്. ഞായറാഴ്ച കോയമ്പത്തൂരിൽ ഒരു കിലോ മുല്ലപ്പൂവിന്റെ മൊത്തവില 2,500 രൂപയിൽ കൂടുതലായിരുന്നു. അരളി ഒരു കിലോയ്ക്ക് 300 രൂപയിലും ക്രിസാന്തിമം 200 രൂപയിലുമെത്തി.