japan-pm

ടോക്കിയോ: ഒൻപത് വർഷത്തിന് ശേഷം ആദ്യമായി സെൻട്രൽ ടോക്കിയോയിലുള്ള ഔദ്യോഗിക വസതിയിൽ കിടന്നുറങ്ങി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ. പ്രേതസാന്നിദ്ധ്യമുണ്ടെന്ന് പ്രചാരണമുള്ളതിനാലാണ് മുൻ ജപ്പാൻ പ്രധാനമന്ത്രിമാർ ഇവിടെ താമസിക്കാൻ മടിച്ചത്. ഞായറാഴ്ച രാത്രിയാണ് ഫുമിയോ ഇവിടെ ചെലവഴിച്ചത്.

കിഷിദയുടെ മുൻഗാമികളായ യോഷിഹിഡെ സുഗയുടേയും ഷിൻസോ ആബെയുടേയും കാലഘട്ടത്തിൽ വസതി ഒഴിഞ്ഞുകിടക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒരു മിനിറ്റ് നടക്കാനുള്ള ദൂരമാണ് ഇങ്ങോട്ടേക്കുള്ളത്. 2011-12 കാലത്ത് പ്രധാനമന്ത്രിയായിരുന്ന യോഷിഹിക്കോ നോഡയാണ് ഇവിടെ അവസാനമായി താമസിച്ച നേതാവ്. പ്രധാനമന്ത്രിയുടെ ഓഫീസ് നിലനിൽക്കുന്ന അതേ കോമ്പൗണ്ടിലുള്ള വസതിയിലേക്ക് ഇപ്പോള്‍ കിഷിദ താമസിക്കാനെത്തിയത് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലുള്ള ശ്രദ്ധ ക്ഷണിക്കലിന് വേണ്ടിയുള്ളതാണെന്ന് ജാപ്പനീസ് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

യോഷിഹിഡെ സുഗ പാർലമെന്റംഗങ്ങള്‍ക്കുള്ള കെട്ടിടസമുച്ചയത്തിലും ഷിൻസോ ആബെ 2012 ൽ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം ടോക്കിയോയിലെ സ്വകാര്യ വസതിയിലുമാണ് താമസിച്ചിരുന്നത്.

 പ്രേതങ്ങളുടെ താഴ്‌വര

1930കൾക്ക് ശേഷമാണ് ഇവിടെ പ്രേതബാധയുണ്ടെന്ന കഥ പ്രചരിക്കുന്നത്. 1930കളിൽ രണ്ടുതവണ വസതിയിൽ പട്ടാള അട്ടിമറി നടന്നിരുന്നു. 1932ൽ ഒരു പട്ടാള അട്ടിമറി ശ്രമത്തിനിടെ അന്നത്തെ പ്രധാനമന്ത്രി സുയോഷി ഇനുകോയിയും നിരവധി ഉദ്യോഗസ്ഥരും ഈ വസതിയിൽ വച്ച് കൊല്ലപ്പെട്ടു. അതിന് ശേഷം നാല് വര്‍ഷം കഴിഞ്ഞ് വീണ്ടുമൊരു പട്ടാള അട്ടിമറി ശ്രമവും ഇവിടെ നടന്നു. കൊലചെയ്യപ്പെട്ടവരിൽ ചിലരുടെ ആത്മാക്കൾ ഈ കെട്ടിടത്തിൽ അലഞ്ഞ് തിരിയുന്നുണ്ടെന്നും ഇവിടെ താമസിക്കുന്നവരെ വേട്ടയാടുമെന്നുമാണ് വർഷങ്ങളായിട്ടുള്ള പ്രചാരണം.

ഒന്നും സംഭവിച്ചില്ല. സുഖമായി കിടന്നുറങ്ങി. ഞാൻ പ്രേതങ്ങളെ ഒന്നും കണ്ടില്ല. ഒരു പുതുമ അനുഭവപ്പെടുന്നു. നന്നായി കഠിനാധ്വാനം ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. പൊതു ചുമതലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രയോജനകരമാകുമെന്ന് കരുതുന്നതിനാലാണ് ഞാൻ ഇങ്ങോട്ടേക്ക് മാറാൻ തീരുമാനിച്ചത്

- ഫുമിയോ കിഷിദ