shashi-tharoor

ന്യൂഡൽഹി: കടിച്ചാൽപൊട്ടാത്ത ഇംഗ്ളീഷ് വാക്കുകളെടുത്ത് അമ്മാനമാടുന്ന കോൺഗ്രസ് നേതാവ് ശശിതരൂർ എം.പി ബി.ജെ.പിക്കെതിരെ പുതിയൊരു വാക്കുമായി രംഗത്തെത്തി.

യു.പിയിലെ ബി.ജെ.പി സർക്കാരിന് 'അലൊഡൊക്‌സാഫോബിയ" (Allodoxaphobia)​ ആണെന്നാണ് തരൂർ ട്വീറ്റ് ചെയ്തത്. തല പുകയ്ക്കേണ്ട. ഈ വാക്കിന്റെ അർത്ഥവും അദ്ദേഹം ട്വീറ്റിൽ വിശദമാക്കിയിട്ടുണ്ട്. അഭിപ്രായങ്ങളോടുള്ള യുക്തിരഹിതമായ ഭയം.!
'ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാർ ജനങ്ങൾക്കെതിരെ രാജ്യദ്രോഹവും യു.എ.പി.എ കേസുകളും ചുമത്തുന്നത് അവിടത്തെ നേതാക്കൾക്ക് അലൊഡൊക്‌സാഫോബിയ ബാധിച്ചതിനാലാണെന്നാണ്' തരൂർ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ഇന്നത്തെ വാക്ക് എന്ന തലക്കെട്ടിലാണിത്. വാക്ക്,​ അതിന്റെ അർത്ഥം,​ ഉദാഹരണം എന്നിവയ്ക്ക് പുറമെ,​ കൂടുതൽ വിശദീകരിച്ചുകൊണ്ട് അദ്ദേഹം ഗ്രീക്കിൽ ഇങ്ങനെ എഴുതി. 'Allo- വ്യത്യസ്തം, Doxo- അഭിപ്രായം, Phobos-ഭയം'.

ഇതാദ്യമായിട്ടല്ല തരൂർ കടുകട്ടിയുള്ള വാക്കുകൾ ട്വിറ്ററിൽ ഉപയോഗിക്കുന്നത്. 'farrago, troglodyte' തുടങ്ങിയ അപൂർവമായി ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ച് അദ്ദേഹം ആളുകളെ കുഴപ്പിച്ചിട്ടുണ്ട്.