
മുംബയ്: ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായി ഇന്ത്യക്ക് കനത്ത തിരിച്ചടി. പരിശീലനത്തിനിടെ ഇന്ത്യയുടെ ഏകദിന - ടി ട്വന്റി ക്യാപ്ടൻ രോഹിത് ശർമ്മയുടെ കൈക്ക് പരിക്കേറ്റു. ഫീൽഡിംഗ് പരിശീലനത്തിനിടെ ത്രോ ഇൻ പരിശീലിക്കുമ്പോഴാണ് രോഹിത്തിന്റെ കൈക്ക് പരിക്കേറ്രതെന്നാണ് ടീമിൽ നിന്ന് ലഭിക്കുന്ന വിവരം.
ഈ മാസം അവസാന വാരം ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പായി രോഹിത് സുഖം പ്രാപിക്കുമോ എന്ന കാര്യത്തിൽ ഉറപ്പ് നൽകാൻ ഇതുവരെയും ഡോക്ടർമാർ തയ്യാറായിട്ടില്ല. ഈ മാസം 26നാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ്. മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കളിക്കുന്നത്. ടെസ്റ്റിൽ കൊഹ്‌ലി ആയിരിക്കും ഇന്ത്യയെ നയിക്കുക. ജനുവരി 19ന് ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്ക് മുമ്പെങ്കിലും രോഹിത് പരിക്കിൽ നിന്നും മോചിതനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം കഴിഞ്ഞ മാസം നടന്ന ഇന്ത്യ എ യുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രിയങ്ക് പഞ്ചലിനോട് അടിയന്തരമായി മുംബയിൽ നടക്കുന്ന ഇന്ത്യൻ ടീമിന്റെ ക്യാമ്പിൽ റിപ്പോർട്ട് ചെയ്യാൻ ബി സി സി ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ ഒരു ടെസ്റ്റിൽ 96 റൺ അടിച്ച പ്രിയങ്ക് പഞ്ചലിനെ രോഹിത്തിന്റെ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്താനുള്ള പദ്ധതിയിലാണ് ബി സി സി ഐ എന്നാണ് ലഭിക്കുന്ന വിവരം.
രോഹിത്തിന്റെ പരിക്കിന്റെ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ലെന്നതിനാൽ തന്നെ ധൃതി പിടിച്ച് ഒരു തീരുമാനം എടുക്കാൻ ബി സി സി ഐയോ സെലക്ടർമാരോ മുതിർന്നേക്കില്ല. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ പരിക്കിന്റെ സ്വഭാവം എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാകുകയുള്ളൂവെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.