
ന്യൂഡൽഹി: ജാപ്പനീസ് നിർമാതാക്കളായ സുസുക്കി പുതുതലമുറ സ്വിഫ്റ്റിന്റെ പണിപ്പുരയിലാണെന്ന വാർത്തകൾ കേട്ടുതുടങ്ങിയിട്ട് നാളുകളേറെയായി. അടുത്ത വർഷം ഈ വാഹനം വിപണിയിൽ എത്തിക്കുമെന്നാണ് സുസുക്കിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ മാദ്ധ്യമങ്ങളെ അറിയിച്ചത്. എന്നാൽ സ്വിഫ്റ്റിന്റെ പുതുതലമുറ മാത്രമല്ല ഹാച്ച്ബാക്കിന്റെ ഒരു സ്പോർട്സ് മോഡൽ കൂടി പുറത്തിറക്കാൻ കമ്പനിക്ക് പദ്ധതിയുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന പുതിയ വിവരം. പുതുതലമുറ സ്വിഫ്റ്റ് പുറത്തിറക്കിയ ശേഷം അതിന്റെ അടുത്ത വർഷം സ്പോർട്സ് മോഡൽ ഇറക്കാനാണ് സുസുക്കിയുടെ പദ്ധതി.
ഡിസൈനിന്റെ കാര്യത്തിൽ നിലവിലുള്ള സ്വിഫ്റ്റിൽ നിന്നും കാര്യമായ വ്യത്യാസങ്ങൾ പുതുതലമുറ സ്വിഫ്റ്റിന് ഉണ്ടാകാൻ സാദ്ധ്യതയില്ല. എന്നാൽ വാഹനത്തിന്റെ ഭാരം വീണ്ടും കുറയാൻ സാദ്ധ്യതയുണ്ട്. വാഹനത്തിന്റെ ഡിസൈനിലായിരിക്കും കമ്പനി കൂടുതലായും ശ്രദ്ധ ചെലുത്തുകയെന്നാണ് സൂചന. ഇതുവരെയുള്ള വിവരങ്ങൾ അനുസരിച്ച് പുതിയ ഡിസൈനിലുള്ള കറുത്ത ഗ്രിൽ, വീതികുറഞ്ഞ ഹെഡ്ലാംപ്, എൽ ഇ ഡി ഘടിപ്പിച്ച ഡി ആർ എല്ലുകൾ, പുത്തൻ ഡിസൈനിലുള്ള അലോയ് വീലുകൾ, റാപ്പ് എറൗണ്ട് ടെയിൽ ലാംപ് എന്നിവ പുതുതലമുറ സ്വിഫ്റ്റിന്റെ പ്രത്യേകതകളായിരിക്കും.
നിലവിലെ സ്വിഫ്റ്റിൽ ഉപയോഗിക്കുന്ന ഹെർടെക്ക് പ്ളാറ്റ്ഫോമിൽ തന്നെയായിരിക്കും പുതു തലമുറ സ്വിഫ്റ്റും നിർമിക്കുക. എന്നാൽ ഇതിന്റെ പരിഷ്കരിച്ച പതിപ്പായിരിക്കും വരികയെന്ന റിപ്പോർട്ടുകളുമുണ്ട്. വാഹനത്തിന്റെ ഭാരം ഗണ്യമായ തോതിൽ കുറയ്ക്കാൻ സഹായിക്കുന്നുവെന്നതാണ് ഈ പ്ളാറ്റ്ഫോമിന്റെ പ്രത്യേകത.
48 വി മൈൽഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ച 1.4 ലിറ്റർ നാല്-സിലിണ്ടർ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിനായിരിക്കും വാഹനത്തിന് കരുത്ത് പകരുക. 158 ബി എച്ച് പി വരെ കരുത്ത് പകരാൻ ഈ എഞ്ചിന് സാധിക്കുമെന്നാണ് പ്രതീക്ഷ.