ioc

ചെന്നൈ: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) വിപണിയിലിറക്കി വൻ സ്വീകാര്യത നേടിയ അഞ്ച് കിലോഗ്രാം 'ഫ്രീ ട്രേഡ് എൽ.പി.ജി" (എഫ്.ടി.എൽ) സിലിണ്ടറിന് 'ഛോട്ടു" എന്ന് പുനർനാമകരണം ചെയ്‌തതിന്റെ ഒന്നാം വാർഷികാഘോഷം മുംബയിൽ നടന്നു. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കർ, ഇന്ത്യൻ ഓയിൽ ചെയർമാൻ എസ്.എം. വൈദ്യ, ഡയറക്‌ടർ (മാർക്കറ്റിംഗ്) വി. സതീഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

കഴിഞ്ഞവർഷം ഡിസംബറിലാണ് ചെയർമാൻ എസ്.എം. വൈദ്യ 'ഛോട്ടു" എന്ന പേര് നൽകിയത്. തുടർന്ന് ഇതുവരെ ഛോട്ടു നേടിയ വില്പനവളർച്ച 58.5 ശതമാനമാണ്. പ്രതിമാസം ശരാശരി രണ്ടുലക്ഷം ഛോട്ടു സിലിണ്ടറുകളാണ് ഇന്ത്യൻ ഓയിൽ വിൽക്കുന്നത്. വരുംനാളുകളിൽ ഇന്ത്യൻ ഭവനങ്ങളിലെ നിർണായക സാന്നിദ്ധ്യമായി ഛോട്ടുമാറുമെന്നാണ് പ്രതീക്ഷയെന്ന് സുനിൽ ഗവാസ്‌കർ പറഞ്ഞു.

സുഗമമായി ഉപയോഗിക്കാമെന്ന സൗകര്യം, സുരക്ഷ, വിശ്വാസ്യത എന്നിവ ഛോട്ടുവിന്റെ മികവുകളാണെന്ന് എസ്.എം. വൈദ്യ പറഞ്ഞു. ഐ.ഒ.സി ഔട്ട്‌ലെറ്റുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങി 20,000 ടച്ച് പോയിന്റുകളിൽ നിന്ന് ഛോട്ടു സിലിണ്ടർ വാങ്ങാം. ഉപഭോക്താവ് തിരിച്ചറിയൽ രേഖ ഹാജരാക്കിയാൽ മാത്രം മതി.