
മുംബയ് : പരിശീലനത്തിനിടെ പരിക്കേറ്റതിനെത്തുടർന്ന് ഇന്ത്യൻ ഏകദിന,ട്വന്റി-20 ക്യാപ്ടൻ രോഹിത് ശർമ്മ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിൽ കളിച്ചേക്കില്ല. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പായി മുംബയ്‌യിൽ ക്വാറന്റൈനിൽ പ്രവേശിച്ച ഇന്ത്യൻ ടീമംഗങ്ങൾ കഴിഞ്ഞദിവസം നെറ്റ് പ്രാക്ടീസ് നടത്തുമ്പോഴാണ് രോഹിതിന് പരിക്കേറ്റത്. പേശിവലിവാണ് പ്രശ്നമായത്. കഴിഞ്ഞ വർഷം ആസ്ട്രേലിയൻ പര്യടനത്തിലെ രണ്ട് ടെസ്റ്റുകളും പേശിവലിവ് മൂലം രോഹിതിന് നഷ്ടമായിരുന്നു.
പര്യടനത്തിൽ രോഹിതിന് കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ പകരക്കാരനായി ഗുജറാത്തി ബാറ്റ്സ്മാൻ പ്രിയങ്ക് പഞ്ചലിനെ ടീമിലെടുത്തിട്ടുണ്ട്.മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഡിസംബർ 26നാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. വിരാട് കൊഹ്‌ലിയാണ് ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നത്. രോഹിത് വൈസ് ക്യാപ്ടനാണ്.