kk

തിരുവനന്തപുരം : കണ്ണൂർ വി,​സി പുനർനിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഗവർണർക്ക് നൽകിയ കത്ത് പുറത്തുവന്നു. കണ്ണൂര്‍ സര്‍വകലാശാലയിലെ അക്കാദമിക് മികവ് മുന്നോട്ട് കൊണ്ട് പോകാൻ പുനർ നിയമനം വേണമെന്നും ഗോപിനാഥ് രവീന്ദ്രന്റെ പേര് മുന്നോട്ട് വയ്ക്കുന്നുവെന്നുമാണ് മന്ത്രി കത്തില്‍ പറയുന്നത്. സെർച്ച് കമ്മിറ്റി ഇല്ലാത്തതിനാലാണ് ഗോപിനാഥ് രവീന്ദ്രന്‍റെ പേര് മുന്നോട്ട് വയ്ക്കുന്നതെന്നാണ് കത്തില്‍ പറയുന്നത്.

കണ്ണൂർ വിസി പുനർ നിയമനത്തിന് ഗവർണറോട് ആവശ്യപ്പെട്ടത് മന്ത്രിയാണെന്ന് പ്രതിപക്ഷം ആവർത്തിക്കുമ്പോഴും മന്ത്രി മൗനം തുടരുന്നതിനിടെയാണ് കത്ത് പുറത്തുവന്നിരിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ വി.സി യെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് സമ്മര്‍ദമുണ്ടായെന്ന് ഗവർണര്‍ ആരോപിച്ചതിനെത്തുടര്‍ന്നാണ് സർക്കാരും ഗവര്‍ണറും തമ്മിലുള്ള തർക്കങ്ങളുടെ തുടക്കം. ഗോപിനാഥ് രവീന്ദ്രന്‍റെ കാലത്ത് കണ്ണൂർ സർവകലാശാല വലിയ മികവാണ് പുലർത്തിയത് അതിനാല്‍ വി.സിയെ പുനര്‍ നിയമിക്കണമെന്നാണ് കത്തില്‍ പറയുന്നത്. വി.സി നിയമനവുമായി ബന്ധപ്പെട്ട് ഒരു മന്ത്രി ഗവർണർക്ക് നേരിട്ട് കത്ത് നൽകുന്നത് പതിവില്ലാത്തതാണ്.