
മുംബയ്: ബോളിവുഡ് താരങ്ങളും ആത്മസുഹൃത്തുക്കളുമായ കരീന കപൂറും അമൃത അറോറയും കൊവിഡ് പൊസിറ്റീവായി. ആദ്യം കരീനയ്ക്കാണ് കൊവിഡ് ലക്ഷണങ്ങൾ കണ്ടതെന്ന് മുംബയ് നഗരസഭാ അധികാരികൾ അറിയിച്ചു. രണ്ട് ദിവസം മുമ്പ് തന്നെ കരീനയ്ക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ശനിയാഴ്ച താരം കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ഇതിന്റെ റിസൾട്ട് ഇന്നലെ വരികയും കരീന പൊസിറ്റീവ് ആകുകയുമായിരുന്നു. ഇന്ന് രാവിലെ കരീനയുടെ മുംബയിലുള്ള വീട് കോർപ്പറേഷൻ അധികൃതർ സീൽ ചെയ്തു.
അതേസമയം കരീനയും അമൃതയും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നിരവധി പാർട്ടികളിൽ പങ്കെടുത്തത് മുംബയിൽ കൊവിഡ് സമൂഹവ്യാപനത്തിന് കാരണമാകുമോ എന്ന ആശങ്കയുണ്ട്. ഇതിനോടകം കരീനയുമായി സമ്പർക്കത്തിൽ വന്ന പതിനഞ്ചോളം പേരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കിയതായി കോർപ്പറേഷൻ അറിയിച്ചു. ഇവരുടെ റിസൾട്ട് നാളെ ലഭിക്കും.
കഴിഞ്ഞ ദിവസം ബോളിവുഡ് നിർമാതാവ് റിയാ കപൂറിന്റെ വീട്ടിൽ നടന്ന ക്രിസ്മസ് പാർട്ടിയിൽ കരീനയും അമൃതയും പങ്കെടുത്തിരുന്നു. പാർട്ടിയിൽ പങ്കെടുത്തവരാരും മാസ്കോ സാമൂഹിക അകലമോ പാലിച്ചിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു. ഇതിനു പുറമേ കരൺ ജോഹറിന്റെ വീട്ടിൽ നടന്ന മറ്റൊരു പാർട്ടിയിലും ഇരുവരും പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്. കരൺ ജോഹറിന്റെ വീട്ടിൽ നടന്ന പാർട്ടിയിൽ ആലിയ ഭട്ട് അർജുൻ കപൂർ എന്നിവരും പങ്കെടുത്തിരുന്നു. ഈ പാർട്ടിയിലും താരങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല.