
ന്യൂഡൽഹി: വിശ്വസുന്ദരിപ്പട്ടം നേടിയ ഹർനാസ് സന്ധു ഉടൻ ഇന്ത്യയിലേക്കില്ലെന്ന് റിപ്പോർട്ടുകൾ. പഞ്ചാബിൽ ജനിച്ച് വളർന്ന ഹർനാസ് വിദ്യാഭ്യാസം നേടിയത് അടക്കം ചണ്ഡിഗഡിലായിരുന്നു. എന്നാൽ വിശ്വസുന്ദരിപ്പട്ടം നേടിയതോടെ താരമൂല്യം ഉയർന്ന ഹർനാസ് ഇനി മുതൽ താമസിക്കുക ന്യൂയോർക്കിലായിരിക്കും. കൂടുതൽ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും മോഡലിംഗ് രംഗത്ത് കൂടുതൽ പ്രോജക്ടുകൾ ലഭിക്കുന്നതിനും ഇന്ത്യയേക്കാൾ മികച്ച സ്ഥലം ന്യൂയോർക്ക് ആയതിനാലാണ് ഹർനാസ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. എന്നാൽ പൂർണമായും ഇന്ത്യയെ തള്ളികളയാൻ ഹർനാസിന് സാധിക്കില്ല. നിലവിൽ പൊതു ഭരണത്തിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ഹർനാസിന്റെ കുടുംബം ഇന്ത്യയിൽ തന്നെയായിരിക്കും കഴിയുക.
ഇസ്രയേലിലെ എയിലേറ്റിൽവച്ച് നടന്ന മത്സരത്തിലാണ് ഹർനാസിനെ വിശ്വസുന്ദരിയായി തെരഞ്ഞെടുത്തത്. പഞ്ചാബ് സ്വദേശിയായ ഹർനാസ് 2019ലെ ഫെമിന മിസ് ഇന്ത്യ പഞ്ചാബ് ആയിരുന്നു. കൂടാതെ ഫെമിന മിസ് ഇന്ത്യ 2019 ൽ ടോപ്പ് 12ൽ ഇടം നേടുകയും ചെയ്തു.
21 വർഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തുന്നത്. സുസ്മിത സെന്നും, ലാറദത്തയുമാണ് മുൻപ് ഈ നേട്ടം സ്വന്തമാക്കിയത്. ഹർനാസ് പഞ്ചാബി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. പാരഗ്വയിലെയും ദക്ഷിണാഫ്രിക്കയിലെയും മത്സരാർത്ഥികളെ പിന്തള്ളിയാണ് ഹർനാസ് നേട്ടം സ്വന്തമാക്കിയത്.