
ജെ കെ റൗളിംഗിന്റെ ഹാരിപോട്ടർ സീരീസ് വായിക്കാത്തവർ ചുരുക്കംപേരേ കാണൂ. ഹാരിപോട്ടറിന്റെ ആദ്യപ്രതി പ്രസിദ്ധീകരിക്കാൻ പ്രസാധകരുടെ അടുത്ത് ചെന്നപ്പോൾ പലരും പുസ്തകം വായിക്കാൻ പോലും മെനക്കെടാതെ ചവറ്റുകുട്ടയിലെറിഞ്ഞെ കഥ എഴുത്തുകാരി തന്നെ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. 1997ലാണ് ഹാരി പോട്ടർ പ്രസിദ്ധീകരിക്കുന്നത്. പിന്നീട് വായനക്കാരെ മാന്ത്രികലോകത്തെത്തിച്ച് ലോകത്ത് അത് വിപ്ലവം സൃഷ്ടിച്ചു. ഒരിക്കൽ പ്രസാധകർ ചവറ്റുകുട്ടയിൽ എറിഞ്ഞ ആ പുസ്തകം ഇപ്പോൾ ഇരുപതാം നൂറ്റാണ്ടിൽ വിറ്റഴിക്കപ്പെട്ട ഏറ്റവും വിലയേറിയ പുസ്തകം എന്ന ബഹുമതി നേടിയിരിക്കുകയാണ്.
"ഹാരി പോട്ടർ" ന്റെ ആദ്യ പതിപ്പ് വ്യാഴാഴ്ച യുഎസിൽ 3.56 കോടി രൂപയ്ക്കാണ് വിറ്റു പോയത്. ഇരുപതാം നൂറ്റാണ്ടിലെ ഒരു ഫിക്ഷന്റെ ലോക റെക്കോർഡ് വിലയാണിതെന്ന് ലേലക്കാർ പറയുന്നു. "ഹാരി പോട്ടർ ആൻഡ് ദ ഫിലോസഫേഴ്‌സ് സ്റ്റോൺ" എന്ന പുസ്തകത്തിന്റെ 1997 -ലെ ബ്രിട്ടീഷ് പതിപ്പാണ് കോടികൾക്ക് വിറ്റുപോയത്. പുസ്തകം അമേരിക്കയിൽ "ഹാരി പോട്ടർ ആൻഡ് സോർസറേഴ്സ് സ്റ്റോൺ" എന്ന പേരിലാണ് പ്രസിദ്ധീകരിച്ചത്. അന്ന് ഒരുപാട് പ്രസാധകർ ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ വിസമ്മതിക്കുകയുണ്ടായി. ഒടുവിൽ ബ്ലൂംസ്ബറിയാണ് പുസ്തകത്തിന്റെ 500 ഹാർഡ്‌ബാക്ക് കോപ്പികൾ അച്ചടിച്ച് പുറത്തിറക്കിയത്.
ലേലത്തിൽ ആദ്യം 52 ലക്ഷമാണ് ഇതിന് വിലയിട്ടിരുന്നത്. എന്നാൽ ഒടുവിൽ കണക്കാക്കിയതിലും ആറിരട്ടിയിലധികം വിലയ്ക്കാണ് പുസ്തകം വിറ്റുപോയത്. വാങ്ങിയ ആളുടെ പേര് പേര് പുറത്തുവിട്ടിട്ടില്ല.