
മുംബയ്: അന്ധേരിയിലെ ബാറിൽ പൊലീസ് നടത്തിയ പരിശോധനയിൽ 17 യുവതികളെ പിടികൂടി. ദീപാ ഡാന്‍സ് ബാറില്‍ നടത്തിയ പരിശോധനയിലാണ് യുവതികളെ കണ്ടെത്തിയത്. ബാറിനുള്ളിലെ മേക്കപ്പ് റൂമിനോട് ചേര്‍ന്ന രഹസ്യ അറയില്‍ നിന്നാണ് യുവതികളെ കണ്ടെത്തിയത്. സംഭവത്തില്‍ ബാര്‍ ജീവനക്കാരെയും യുവതികളെയും പൊലീസ് അറസ്റ്റുചെയ്തു.
ദീപാ ബാറില്‍ യുവതികളെ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ നൃത്തം ചെയ്യിപ്പിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ ബാര്‍ മുഴുവന്‍ പരിശോധന നടത്തിയെങ്കിലും യുവതികളെ കണ്ടെത്തിയില്ല. ജീവനക്കാരെയും വിശദമായി ചോദ്യംചെയ്‌തെങ്കിലും യുവതികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതിനിടെ മേക്കപ്പ് റൂമില്‍ലെ ചുവരില്‍ ഘടിപ്പിച്ച വലിയ കണ്ണാടി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഗ്ലാസ് എടുത്തുമാറ്റി പരിശോധന നടത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഗ്ലാസ് പെട്ടിച്ചു നടത്തിയ പരിശോധനയിലാണ് രഹസ്യ അറയിലേക്കുള്ള വഴി കണ്ടെത്തിയത്.
ഈ പരിശോധനയിലാണ് യുവതികളെ കണ്ടെത്തിയത്. രഹസ്യ അറയില്‍ എസിയും കിടക്കയുമടക്കമുള്ള ആധുനിക സൗകര്യങ്ങളാണ് ബാര്‍ അധികൃതര്‍ ഇവര്‍ക്കായി ഒരുക്കിവച്ചിരുന്നത്. പരിശോധനയുടെ വിവരം അറിഞ്ഞതോടെ ജീവനക്കാര്‍ യുവതികളെ ഈ രഹസ്യമുറിയിലേക്ക് മാറ്റുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.