pg-doctors-strike

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ പി ജി ഡോക്ടർമാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരം ചെയ്യുന്ന പി ജി ഡോക്ടർമാരുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. ആവശ്യങ്ങൾ അംഗീകരിച്ചതാണ്, അതിനാൽ ഇനി ചർച്ചയ്ക്കില്ലെന്ന നിലപാടിലായിരുന്നു സർക്കാർ. എന്നാൽ ഹൗസ് സർജന്മാരും പണിമുടക്കിയതോടെ ചർച്ചയ്ക്ക് തയ്യാറാകുകയായിരുന്നു.


അതേസമയം ഹൗസ് സർജന്മാരുടെ സമരം ഇന്ന് അവസാനിക്കും. പി ജി ഡോക്‌ടർമാരുടെ സമരം മൂലം ജോലി ഭാരം വർദ്ധിച്ചതിൽ പ്രതിഷേധിച്ചാണ് ഹൗസ് സർജന്മാർ ഇന്നലെ രാവിലെ എട്ട് മുതൽ ഇന്ന് രാവിലെ എട്ട് മണിവരെ സൂചനാ പണിമുടക്ക് നടത്തുന്നത്.


അടിയന്തര, കൊവിഡ് വിഭാഗങ്ങളിലൊഴികെയുള്ള എല്ലാ ഡ്യൂട്ടികളും ബഹിഷ്കരിച്ചായിരുന്നു ഹൗസ് സർജന്മാരുടെ സമരം. നീറ്റ് പിജി പ്രവേശനം വേഗത്തിലാക്കുക, സ്‌റ്റൈപ്പൻഡ് നാല് ശതമാനം വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പി ജി ഡോക്ടർമാർ സമരം നടത്തുന്നത്.

പി ജി ഡോക്ടർമാർ വിട്ടുനിൽക്കുന്നതിനാൽ മെഡിക്കൽ കോളേജുകളിൽ പ്രതിസന്ധി തുടരുകയാണ്. സമരം തുടരുന്നതിനാൽ ഡോക്ടർമാരുടെ കുറവ് നികത്താൻ നഴ്സിംഗ് വിദ്യാർത്ഥികളെ നിയമിക്കുന്നതിൽ പ്രതിഷേധിച്ച് നഴ്സിംഗ് കോളേജിലെ എസ് എഫ് ഐ യൂണിറ്റ് രംഗത്തെത്തിയിട്ടുണ്ട്.