police

തിരുവനന്തപുരം: മലയിൻകീഴ് പോക്‌സോ കേസിൽ പൊലീസിനെതിരെ വീണ്ടും ആരോപണവുമായി വീട്ടമ്മ. ജാമ്യവ്യവസ്ഥ പ്രകാരം സ്റ്റേഷനിൽ ഒപ്പിടാൻ ചെന്നപ്പോൾ മലയിൻകീഴ് എസ് എച്ച് ഒയും പൊലീസുകാരും മോശമായി പെരുമാറിയെന്നാണ് പരാതിക്കാരിയുടെ ആരോപണം.

വ്യോമസേനാ ഉദ്യോഗസ്ഥനായ ഭർത്താവ്,​ ആദ്യ ബന്ധത്തിൽ തനിക്കുണ്ടായ മകളെ പീഡിപ്പിക്കുന്നുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. കഴിഞ്ഞ ആഗസ്റ്റ് ഒന്നിനാണ് അമ്മയും ഏഴു വയസുള്ള മകളും പരാതിയുമായി മലയിൻകീഴ് സ്റ്റേഷനിലെത്തിയത്. മൊഴിയെടുത്തശേഷം നടത്തിയ മെഡിക്കൽ പരിശോധനയിലും പീഡനം തെളിഞ്ഞു. പിന്നാലെ അ​​​മ്മയെയും മകളെയും പൊലീസ് പ്രതി താമസിക്കുന്ന വീട്ടിൽ തന്നെ തിരികെക്കൊണ്ടുവിട്ടു. പ്രതി അവിടെത്തന്നെ ഉണ്ടായിരുന്നിട്ടും അറസ്റ്റ് ചെയ്യാനും പൊലീസ് തയ്യാറായില്ല.

അന്ന് രാത്രി പരാതിക്കാരിയും ഭർത്താവുമായി തർക്കമുണ്ടായി. ഇതിനിടെ ഇയാൾക്ക് കഴുത്തിന് പരിക്കേറ്റിരുന്നു. സംഭവത്തിൽ പൊലീസ് യുവതിക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും,​ 45 ദിവസം ഇവർ റിമാൻഡിൽ കഴിയുകയും ചെയ്തു. പുറത്തിറങ്ങിയതിന് പിന്നാലെ പൊലീസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യുവതി മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകിയിരുന്നു. തുടർന്ന് പോക്‌സോ കേസും വീട്ടമ്മക്കെതിരായ കേസും സംബന്ധിച്ച് തുടരന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടിരുന്നു.

വധശ്രമക്കേസിൽ എല്ലാ തിങ്കളാഴ്ചയും മലയിൻകീഴ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന നിബന്ധനകളോടെയായിരുന്നു യുവതിക്ക് ജാമ്യം ലഭിച്ചത്. ഇതുപ്രകാരം ഒപ്പിടാനെത്തിയപ്പോൾ തങ്ങൾക്കെതിരെ വാർത്ത നൽകിയെന്നാക്രോശിച്ച് പൊലീസുകാർ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് വീട്ടമ്മയുടെ ആരോപണം. എന്നാൽ കേസിൽ കുറ്റപത്രം നൽകിയതിനാൽ ജാമ്യവ്യവസ്ഥ പ്രകാരം ഒപ്പിടേണ്ടെന്നും, ഇക്കാര്യം പറയുക മാത്രമാണ് ചെയ്തതെന്നുമാണ് കാട്ടാക്കട ഡിവൈഎസ്‌പിയുടെ പ്രതികരണം.