suicide

തൃശൂർ: ഷൊർണൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ. തിരുവമ്പാടി ശാന്തിനഗർ ശ്രീനന്ദനത്തിൽ നവീനെയാണ് (40) സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം സെപ്തംബറിലാണ് ഷൊർണൂർ റോഡിനു സമീപമുള്ള ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

നവീനാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് കത്തെഴുതിവച്ച ശേഷമായിരുന്നു യുവതി ആത്മഹത്യ ചെയ്തത്. ഡയറിയിൽ നിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തിയ നവീൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. നവീന്റെ ഇരകളിൽ ഒരാൾ മാത്രമായിരുന്നു താനെന്നു മനസിലാക്കാൻ കഴിഞ്ഞെന്നും കുറിപ്പിലുണ്ടായിരുന്നു.

യുവതിയുടെ ഭർത്താവിന്റെ അടുത്ത സുഹൃത്തായിരുന്നു നവീൻ. ഭർത്താവും ഇയാളും വീട്ടിൽ ഒരുമിച്ചു മദ്യപിക്കാറുണ്ടായിരുന്നു. അതേസമയം പൊലീസിന് പരാതി നൽകി ഒരു വർഷം കാത്തിരുന്നിട്ടും നവീനെതിരെ നടപടി ഉണ്ടായില്ലെന്നും, ഹൈക്കോടതി നിർദേശിച്ചപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു. പ്രതിയുടെ ആദ്യഭാര്യ ജീവനൊടുക്കിയിരുന്നെന്നും രണ്ടാം ഭാര്യയുമായി വിവാഹമോചനം നടത്തിയിരുന്നെന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.