
ഭോപ്പാൽ: സ്വയം പ്രഖ്യാപിത ആൾ ദൈവം റാംപാലിന്റെ അനുയായികൾ നടത്തിയ വിവാഹ ചടങ്ങിന് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ജയ് ശ്രീറാം വിളിച്ചെത്തിയായിരുന്നു ആക്രമണം. കഴിഞ്ഞ ഞായറാഴ്ച മന്ദ്‌സൗറിലെ ഭൈൻസോദ മാണ്ഡി ഗ്രാമത്തിലാണ് സംഭവം നടന്നത്. ദേവിലാൽ മീണ എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ഉച്ചക്ക് രണ്ട് മണിയോടെ വിവാഹ വേദിയിലേക്ക് 10 -15 പേരടങ്ങുന്ന ഒരു സംഘം കടന്ന് വരുകയും വിവാഹ ചടങ്ങുകൾ തടസപ്പെടുത്തുകയും ചെയ്തു.കുറുവടികളും മുളവടികളുമായണ് അക്രമികൾ എത്തിയത്. ഇത്തരം വിവാഹങ്ങൾ "നിയമവിരുദ്ധമായി" സംഘടിപ്പിക്കപ്പെടുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കൂടാതെ വിവാഹത്തിന് പങ്കെടുക്കാനെത്തിയ ആളുകളെ മർദ്ദിക്കുകയും, വെടി വയ്ക്കുകയും ചെയ്തു. വെടിയേറ്റ വ്യക്തിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചുവപ്പ് വസ്‌ത്രധാരിയായ ആൾ വെടി വയ്ക്കുന്നതും, കൂട്ടത്തിലെ മറ്റ് അക്രമികൾ വേദി നശിപ്പിക്കുന്നതും വിവാഹ വീഡിയോയിൽ കാണാം. ലളിത്, മംഗൾ, കമൽ എന്നീ മൂന്ന് പേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി എസ് പി അമിത് വർമ പറഞ്ഞു. കേസിൽ 11 പേരെ പ്രതി ചേർത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിയാന സ്വദേശിയായ രാംപാൽ അഞ്ച് സ്ത്രീകളും ഒരു കൈക്കുഞ്ഞും അടക്കം ആറ് പേരെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്.