
ന്യൂഡൽഹി: ശ്രീനഗറിൽ പൊലീസ് വാഹനത്തിന് നേരെ ഇന്നലെ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ ഭാഗമായ കശ്മീർ ടൈഗേഴ്സാണെന്ന് ജമ്മു കാശ്മീർ പൊലീസ്. അതിനിടെ സംഭവത്തിൽ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം മൂന്ന് ആയി. ഇന്ന് രാവിലെ ഒരാൾക്ക് കൂടി ജീവൻ നഷ്ടപ്പെടുകയായിരുന്നു. പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ഇന്നലെ വൈകിട്ട് പാന്ത ചൗക്ക് മേഖലയിൽ സീവാൻ പൊലീസ് ക്യാമ്പിന് സമീപത്ത് വച്ചാണ് പൊലീസ് സേനാംഗങ്ങൾ സഞ്ചരിച്ച ബസിനുള്ളിൽ കയറി രണ്ട് ഭീകരർ വെടിവച്ചത്. വിവിധ സുരക്ഷാ സേനകളുടെ നിരവധി ക്യാമ്പുകളുള്ള അതീവ സുരക്ഷാ മേഖലയാണിവിടം. ബസിനുള്ളിലേക്ക് കടന്നുകയറിയ ഭീകരർ പൊലീസുകാർക്ക് നേരെ തുരുതുരാ വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.
പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ബുള്ളറ്റ്പ്രൂഫ് അല്ലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ജമ്മു കാശ്‌മീരിലെ ബന്ദിപ്പോരയിൽ ഭീകരർ നടത്തിയ വെടിവയ്പിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.