
തിരുവനന്തപുരം: പോത്തൻകോട് കല്ലൂരിൽ പട്ടാപ്പകൽ യുവാവിനെ വീട്ടിനുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. സുധീഷിന്റെ സുഹൃത്ത് ഷിബിനാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷ് (35) ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് കല്ലൂർ പാണൻവിളയിൽ സജീവിന്റെ വീടിനുള്ളിൽ കൊല്ലപ്പെട്ടത്. സുധീഷിന്റെ ഭാര്യാസഹോദരൻ ശ്യാംകുമാറും അറസ്റ്റിലായ ഷിബിനുമാണ് സുധീഷിന്റെ ഒളിയിടം അക്രമിസംഘത്തിന് കാട്ടിക്കൊടുത്തത്. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിനിടെ സുധീഷ് ശ്യാമിനെ മർദ്ദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും തമ്മിൽ ശത്രുതയിലായത്. ആറ്റിങ്ങൽ മങ്കാട്ടുമൂലയിൽ ഈ മാസം ആറിന് നടന്ന സംഘർഷത്തിന് ശേഷമാണ് സുധീഷ് കല്ലൂരിലെ ബന്ധുവീട്ടിൽ ഒളിവിൽ താമസിച്ചിരുന്നത്.
അക്രമികൾ സുധീഷിനെ തേടി എത്തുന്നതിന് തൊട്ടു മുമ്പ് ഇരുവരുടേയും സുഹൃത്തായ ഷിബിൻ സുധീഷിന്റെ അടുത്തെത്തി മദ്യം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ സുധീഷിനെക്കുറിച്ചുള്ള വിവരങ്ങൾ ശ്യാമിന് കൈമാറിയത്. ശ്യാമാണ് ഒട്ടകം രാജേഷിനെയും ഉണ്ണിയെയും വിളിച്ചറിയിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം.
സുധീഷിനെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും നേരത്തെ നടന്ന ആക്രമണത്തിന് പ്രതികാരം ചെയ്യുക മാത്രമായിരുന്നു ലക്ഷ്യമെന്നും അറസ്റ്റിലായവർ മൊഴി നൽകിയത്. അക്രമിസംഘത്തിൽപ്പെട്ടവർക്കെല്ലാം പല സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് സുധീഷിനോട് ശത്രുതയുണ്ടായിരുന്നത്. ഉണ്ണിയുടെ അമ്മയുടെ നേർക്ക് ബോംബെറിഞ്ഞ കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട സുധീഷ്. ഒട്ടകം രാജേഷാണ് അക്രമികളെ സംഘടിപ്പിച്ചതെന്നും പൊലീസ് പറയുന്നു.