bailes

ന്യൂയോർക്ക്: മുൻ അമേരിക്കൻ ജിംനാസ്റ്റിക്സ് ടീം ഡോക്ടർ ലാരി നാസറിന്റെ ലൈംഗിക ചൂഷണങ്ങൾക്ക് വിധേയരായ ഒളിമ്പിക്സ് ചാമ്പ്യൻ സിമോണി ബെയ്ൽസ് അടക്കമുള്ള വനിതാ താരങ്ങൾക്ക് 30 കോടി അമേരിക്കൻ ഡോളർ നഷ്ടപരിഹാരം. ഇത് ഏകദേശം 2884.58 കോടി ഇന്ത്യൻ രൂപ വരും. 2018ൽ വനിതാ താരങ്ങൾക്ക് 50 കോടി അമേരിക്കൻ ഡോളർ നഷ്ടപരിഹാരം നൽകാൻ വിധിയായിരുന്നു. ഇതിന് പുറമേയാണ് ഇപ്പോഴത്തെ 30 കോടി ഡോളർ കൂടി നഷ്ടപരിഹാരം ആയി ലഭിക്കുക. ഇതോടെ ലാരി നാസറിനെതിരെ പരാതിപ്പെട്ട അമേരിക്കൻ കായികതാരങ്ങൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരം 80 കോടി അമേരിക്കൻ ഡോളറിന് മേലെ വരും.

ഒളിമ്പിക്സ് ജേതാക്കളായ സിമോണി ബെയ്ൽസ്, ആലി റെയ്സ്മാൻ, മക്‌കെയ്‌ലാ മറോണി ഉൾപ്പെടെയുള്ള 180ഓളം കായികതാരങ്ങളാണ് ലാരി നാസറിനെതിരെ പരസ്യമായി ലൈംഗിക ചൂഷണം ആരോപിച്ച് രംഗത്ത് വന്നത്. ഇയാൾ അമേരിക്കൻ ജിംനാസ്റ്റിക്സിന്റെ ടീം ഡോക്ടറായിരുന്ന സമയത്ത് ചികിത്സയ്ക്ക് എന്ന വ്യാജേന കായികതാരങ്ങളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നതാണ് കുറ്റം.

സംഭവത്തിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ലാരി നാസർ നിലവിൽ അമേരിക്കൻ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്. റേച്ചൽ ഡെൻഹോളണ്ടർ എന്ന മുൻ അമേരിക്കൻ ജിംനാസ്റ്റ് ആണ് 2016ൽ ആദ്യമായി നാസറിനെതിരെ ആരോപണം ഉന്നയിക്കുന്നത്. സിമോണി ബെയ്ൽസ് അടക്കമുള്ള വമ്പൻ താരങ്ങൾ പിൽക്കാലത്ത് ഇതേ ആരോപണവുമായി രംഗത്ത് വന്നതോടെ സംഭവത്തിന് വൻ വാർത്താ പ്രാധാന്യം ലഭിക്കുകയായിരുന്നു.